Sunday, February 10, 2008

pull the chain to stop the train


വിതാക്കാലങ്ങളൊക്കെ പെയ്തൊഴിഞ്ഞിരുന്നു....
തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ ഗാഢതയെ, രഥവേഗഗരിമയെ പ്രണയിച്ച കൂട്ടുകാരിയെപ്പോലും കവിതയില്‍ വരഞ്ഞിട്ടത് മഷിയുണങ്ങിയ ഓര്‍മ മാത്രം...
ഇപ്പോള്‍ കുറച്ചിട കവിതയുടെ കോപ്പ ഒഴിഞ്ഞിരിക്കുന്നു
ഇത് ഇലകള്‍ പൊഴിഞ്ഞ കവിതയുടെ മ‍ഞ്ഞുകാലം.
ഹൃദയത്തിന്‍റെ ഒറ്റയടിപ്പാതയില്‍ ഇപ്പോള്‍ തനിച്ചാണ് നടത്തം...
അപായച്ചങ്ങലയില്‍ തൂങ്ങിയാടുന്ന എന്‍റെ ഏകാന്തത....
കാഴ്ചയുടെ ബാരോമീറ്റര്‍ തകര്‍ത്ത് ചിന്തകളുടെ കടവാവലുകള്‍ ചിതറുന്നു.
വരഞ്ഞിടാന്‍ ഏറെ കാഴ്ചകള്‍ കണ്ടു തീര്‍ന്നിട്ടുണ്ട്. യാത്രയുടെ ഒരു ചെറിയ പര്‍വ്വം കഴിഞ്ഞിരിക്കുന്നു. പക്ഷേ, എനിക്ക് നിന്നിലേക്ക് എന്‍റെ മനസിന്‍റെ നീലജാലകങ്ങള്‍ തുറക്കാന്‍ ഒരു വാക്കെങ്കിലും വേണ്ടേ.......ഒരേ ഒരു വാക്കെങ്കിലും???
... ആ വാക്കാണ് എന്‍റെ നിശബ്ദത തേടുന്നത്. പലപ്പോഴും ആ വാക്കു തിരഞ്ഞ് ഞാന്‍ നിരാശനാകുന്നു.... വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.
(എന്‍റെ ഭയം॥ ..... എഴുതി പൂര്‍ത്തിയാക്കിയ ബയോളജി റെക്കോര്‍ഡ് ബുക്കിലേക്ക് മഷിക്കുപ്പി മറിഞ്ഞു വീണതു പോലെ.... t9 സെക്കന്‍റില്‍ നിന്ന് സമയം പെട്ടെന്ന് t0 (ടി സീറോ) സെക്കന്‍റിലെ നിശ്ചലതയിലേക്ക് പൊട്ടിവീണതുപോലെ.....ഞാന്‍ ഭയക്കുന്നു, വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.........)
അന്പലമുറ്റത്തിനു മുകളിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ എണ്ണിക്കിടക്കുന്പോള്‍ എന്നപോലെ, ദൂരയാത്രയില്‍ ഒറ്റയ്ക്കായ പോലെ, മനസിന്‍റെ ബാരോമീറ്ററില്‍ നിശബ്ദതയുടെ ഒരു കടല്‍ദൂരം കടന്നു പോകുന്നു....
"ചില നിശബ്ദതകള്‍
കണ്ണീരു കൊണ്ട് നനയും
ചില നിശബ്ദതകള്‍
ഭയം കൊണ്ട് കറുക്കും
ചില നിശബ്ദതകള്‍
നിസ്സഹായതകൊണ്ട് വിളറും
ചില നിശബ്ദതകള്‍
ആത്മനിന്ദകൊണ്ട് ഇരുളും
നിശബ്ദതകള്‍ ഒരിക്കലും
പൂര്‍ണവിരാമങ്ങളല്ല''
-(നിശബ്ദതകള്‍ പൂര്‍ണവിരാമങ്ങളല്ല; കെ.ജയകുമാര്‍)
നിശബ്ദമായ വാക്കിന്‍റെ ശബ്ദം മുഴങ്ങിയേക്കാം, മനമൊട്ടി നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം...
അപായച്ചങ്ങലയില്‍ ഏതു നിമിഷവും എന്‍റെ കൈയ്യെത്താം।
കയ്യെത്തട്ടെ.....അല്ലേ...

3 comments:

Teena C George said...

This is my first visit to this blog. Entropy Barometer is Quite Impressive!

siva // ശിവ said...

വന്നു ...വായിച്ചു....

Unknown said...

നന്നായിരിക്കുന്നു. വേദന മുറ്റി നില്‍ക്കുന്ന വരികള്‍, തികവാര്‍ന്ന അവതരണം. ആശംസകള്‍