Monday, February 25, 2008

നിശാഭരിതമായ പേരുള്ളവള്‍


(പഴയകവിത പുതിയ ബ്ലോഗില്‍ )


തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ
ഗാഢതയെ...
രഥവേഗഗരിമയെ...
ചക്രങ്ങളുടെ ഇമവേഗങ്ങള്‍ തീര്‍ത്ത
താള ചാരുതയെ...
പ്രണയിച്ചു അവള്‍.
നിശാഭരിതമായ പേരുള്ളവള്‍.

തീവണ്ടിയിരന്പങ്ങളില്‍
ഗൃഹാതുരത്വങ്ങളിലേക്ക്
മിഴിയോര്‍ത്ത്,
ഏകാന്തതകളെ അപായച്ചങ്ങലകളില്‍
തൂക്കിയിടാതെ,
മഴക്കാഴ്ചകളുടെ ചിത്രശില്പത്തിലേക്ക്
വിന്‍ഡോഷീല്‍ഡ് തുറന്നിടുന്നു.
നിശാഭരിതമായ പേരുള്ളവള്‍.

ചടുലമാര്‍ന്ന സംസാരങ്ങളില്‍
മാത്രം
തീവണ്ടിയിണക്കങ്ങള്‍......
മറ്റൊക്കെയും
ദിശായന്ത്രങ്ങള്‍ നഷ്ടമായ
പായ് വഞ്ചിപോലെ ഒഴുകിയിറങ്ങിപ്പോകുന്നു.
അവളില്‍...
കീഴടക്കലിന്‍റെ പൊയ്ക്കാലുകളില്‍
ഞാന്‍
പാളം മുറിച്ചുകടക്കുന്പോള്‍,
എന്‍ജിന്‍ ഡ്രൈവറിന്‍റെ
നിസംഗമായ ഏകാന്തതയറിയുന്നുവെന്ന്
പറഞ്ഞവള്‍....

ജമന്തിമണങ്ങള്‍
പേറി
പായുന്ന വണ്ടിയിലിരുന്നാണ്
കണ്ണീരൊപ്പിയത്...
അന്ന്
അപായച്ചങ്ങലയില്‍
കൈയ്യെത്തിയില്ല

ഓര്‍മയിരന്പങ്ങളുടെയും
വരണ്ടപഠനക്കാലത്തിന്‍റെയും
ഇടയിലൂടെ
ദൂരങ്ങളിലേക്ക് പായുന്ന
ഒറ്റവരിപ്പാതയാണ്
കവിത...
നിശാഭരിതമായ പേരുള്ളവളെക്കുറിച്ച്.............


Saturday, February 16, 2008

ചിലന്തിവലയില്‍ കുടുങ്ങിയ ഘടികാരം

പ്പോഴാണെന്നറിയില്ല.... പുലര്‍ച്ചയിലെ ഏതോ ഭ്രമാത്മക നിമിഷത്തിലാകണം ഞാന്‍ ഒരു ഘടികാരത്തിന്‍റെ അക്കങ്ങളിലേക്ക് വലിച്ചു കെട്ടിയ ചിലന്തിവലയില്‍ കുടുങ്ങിയത്.
സത്യം.!!!

ഒരു ഹസ്തരേഖാ ശാസ്ത്രജ്ഞന്‍റെ ഭൂതക്കണ്ണാടിക്കപ്പുറം എന്‍റെ കൈവെള്ളയിയില്‍ നിന്നു പുറപ്പെട്ട ചെറിയ ചിലന്തിവല (ഭാവിയുടെ ചിലന്തിവലയെന്ന് ഹസ്തരേഖക്കാരന്‍ ) യില്‍ ഘടികാരത്തിന്‍റെ ചിറകുടക്കുന്നതും ചിലന്തിവലകളില്‍ അക്കങ്ങളുടെ കണ്ണുമൂടുന്നതും സൂചികള്‍ തുന്പികളെപ്പോലെ അതിന്‍റെ നേര്‍ത്ത നൂലിമയില്‍ നിന്ന് പിടയ്ക്കുന്നതും, പിന്നീട് ഘടികാരവും ചിലന്തിവലയും എന്നെക്കാള്‍ വലുതാവുന്നതും ഞാനതില്‍ കുടുങ്ങിപ്പോയതും സമയത്തിന്‍റെ ഒറ്റക്കണ്ണുള്ള തീവണ്ടി എന്നിലൂടെ കയറിയിറങ്ങുന്നതും ഞാന്‍ നിമിഷങ്ങളുടെ ചിത്രഭുപത്തിലേക്ക് എറിയപ്പെട്ടതും അന്പരപ്പിന്‍റെ മാത്ര എന്നെ മൂടുന്നതും ഞാനങ്ങനെ സ്വപ്നത്തില്‍ നിന്നുണരാതെ ഇരുളിലേക്ക് നിറയുന്നതും ഘടികാരത്തിന്‍റെ അലര്‍ച്ച ചെറുതാവുന്നതും ഇപ്പോളത് ഒരു ടിക് ടിക് ശബ്ദമായി എന്‍റെ കാതിലും തലയിലും ഇരുളിലും അങ്ങനെയങ്ങനെ............
ഇരുണ്ട ഫ്രെയിമില്‍ ഒരു ഹുങ്കാരത്തോടെ അലറിയാടുന്ന ഒരു പെന്‍ഡുലം...
നിങ്ങളോര്‍ക്കുന്നുണ്ടോ ജര്‍മന്‍ സംവിധായകന്‍ ടോം ടെക്വെറിന്‍റെ റണ്‍ ലോല റണ്‍ (ലോല റണ്ണറ്റ്) എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ എത്തുന്ന ഭീകരരൂപിയായ ഒരു പെന്‍ഡുലത്തെ.......
അതേ പെന്‍ഡുലം... അത്രയും തന്നെ വലിപ്പമുള്ള ഒരു ഭീകരഘടികാരം...
സ്വപ്നത്തിന്‍റെ അക്ഷാംശങ്ങളില്‍ തെളിഞ്ഞതതാണ്.....

വഴികാണിച്ചു കൊടുക്കുക എന്ന മുന്നറിയിപ്പുള്ള ഒരു ചെറിയ കളിയിലകപ്പെട്ടിരിക്കുന്നു ഇപ്പോള്‍. ചുറ്റും വഴികളുടെ ക്ഷണമുണ്ട്. പാതകളുടെ പ്രളയത്തിലകപ്പെട്ട് ഏതാണ് പുറത്തേക്കുള്ള വഴിയെന്നറിയാതെ നില്‌‍ക്കുന്നു, ഓറഞ്ചു നിറമുള്ള മെഴുകുപെന്‍സിലുമായി വെള്ളാരങ്കല്ലിന്‍റെ കണ്ണുമായി ഏതെങ്കിലും കുട്ടിവന്ന് വഴികാട്ടിയേക്കും. അത്രയും നാള്‍ സമയത്തിന്‍റെ ചിത്രഭുപടത്തില്‍ തടവ്.....

we shall not cease from exploration
and the end of all our exploring
will be to arrive where we started
and know the place for the first time
-t.s eliot

റണ്‍ ലോല റണിന്‍റെ തുടക്കത്തില്‍ ഇതേ വരികള്‍ എഴുതിക്കാണിക്കുന്നുണ്ട്..... തുടങ്ങിയിടത്തേക്ക് തിരിച്ചെത്തുന്ന ഘടികാരത്തിന്‍റെ ഏതോ സൂചിമുനയിലാണിപ്പോള്‍ എന്‍റെ മനസിന്‍റെ അപഥസഞ്ചാരം.
ഒരു തീരുമാനത്തിലേക്ക് മനസിന്‍റെ പൂര്‍ണബിന്ദു എത്തുന്നതിന് ഒരായിരം, ഒരു കോടി അല്ല അനന്തമായ സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു. പക്ഷേ, അതില്‍ ഒന്നു മാത്രമാണ് സംഭവിക്കുന്നത്. ഒന്നു മാത്രം. നിങ്ങള്‍ തീരുമാനിക്കുന്നത് ടി1( ടിവണ്‍) , എന്ന സെക്കന്‍റിലാണെങ്കില്‍ ടി0 (ടി സീറോ) എന്ന സെക്കന്‍റില്‍ സംഭവിച്ചു പോയ ഒരു കാര്യം നിങ്ങളുടെ ടി1 സെക്കന്‍റിനെ മാറ്റി മറിക്കും. ടി0 സെക്കന്‍റില്‍ ഒരിലവീണതു പോലും.
എന്‍റെ ചലനാത്മകത ഒരു ടൈം ലൈനിലാണെങ്കില്‍ ടിവണ്‍, ടിടു, ടിത്രീ സെക്കന്‍റുകളിലെ എല്ലാ സെക്കന്‍റുകളിലും ഒരു ഞാന്‍ ഉണ്ടാവുകയും ചലിക്കുകയും ചിന്തിക്കുകയുമാണെങ്കില്‍ ഞാന്‍ ഓരോ നിമിഷവും എന്നെ ഓരോ സെക്കന്‍റിലും അവശേഷിപ്പിച്ചു കടന്നുപോകുന്നു. ടിവണ്‍ സെക്കന്‍റിലെ ഞാനും ടിടു സെക്കന്‍റിലെ ഞാനും വ്യത്യസ്തരായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പാരലല്‍ ലൈനില്‍ സഞ്ചരിക്കുന്നതുപോലെ... എനിക്കു പുറകോട്ടു ഭൂതകാലത്തിലേക്കു പോകാനാവില്ല....ടൈം ലൈനില്‍ പിന്‍നടത്തം ഇല്ലല്ലോ...
ഒരു വിചിത്രമായ സിനിമ പോലെ ആലോചിച്ചാല്‍ ഓരോ സെക്കന്‍റിലും ഓരോ സീനുകള്‍ നിര്‍മിക്കപ്പെടുന്നു. ടിവണ്‍ സെക്കന്‍റില്‍ സീന്‍വണ്‍, ടിടു വില്‍ സീന്‍ ടു എന്നിങ്ങനെ.....എല്ലാ സീനിലും ഞാനുണ്ട്( അല്ലെങ്കില്‍ നിങ്ങള്‍) . ഒന്നാമത്തെ സീനിനു ശേഷം അടുത്ത സീന്‍വരുന്നു, അതിനു ശേഷം അടുത്തത്... അങ്ങനെ തുടര്‍ച്ച ഉണ്ടാകുന്പോളും നിങ്ങള്‍ കഴിഞ്ഞു വന്ന സീന്‍ അവിടെ തന്നെ ഉണ്ട് എന്നാലോചിച്ചാല്‍....അതിലൂടെ പിറകോട്ടു നടന്നാല്‍ നിങ്ങള്‍ക്ക് സമയത്തിന്‍റെ ബ്ലാക്ഹോളിലൂടെ പുറകിലെത്താം..... ടൈം മെഷീന്‍ സിനിമയുടെ അവസാനരംഗത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ചരിച്ച് നായകന്‍ (ലോകാവസാനത്തിനു ശേഷമുള്ള കാനനവാസികളുടെ അടുത്തെത്തുന്നുണ്ട്) അവിടെ കാടിനുള്ളില്‍ ഇതായിരുന്നു തന്‍റെ ലബോറട്ടറി നിന്ന സ്ഥലം എന്ന് ആ ടി സയമത്തിലെ നായികയെ കാട്ടിക്കൊടുന്പോള്‍ ദൃശ്യം രണ്ടായി പിളരുന്നതു നാം കാണുന്നു. ഇതേ ദൃശ്യത്തിനു പാരലലായി സൃഷ്ടിക്കപ്പെട്ട മറ്റൊരു ടൈം ലൈനില്‍ (അയാളുടെ ഭൂതകാലത്തിലെ , അതായത് ശരിക്കുമുള്ള വര്‍ത്തമാനകാലത്തില്‍ ) പ്രായം ചെന്ന നായകന്‍ നായികയോടൊപ്പം നടക്കുന്നതും നാം കാണുന്നു.
നമ്മുടെ വര്‍ത്തമാനകാലത്തിനു സമാന്തരമായി(തികച്ചും സമാന്തരമായി) ഭൂതകാലത്തിന്‍റെയും ഭാവികാലത്തിന്‍റെയും ടൈം ലൈനുകള്‍ നീണ്ടുപോകുന്നു.

Sunday, February 10, 2008

pull the chain to stop the train


വിതാക്കാലങ്ങളൊക്കെ പെയ്തൊഴിഞ്ഞിരുന്നു....
തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ ഗാഢതയെ, രഥവേഗഗരിമയെ പ്രണയിച്ച കൂട്ടുകാരിയെപ്പോലും കവിതയില്‍ വരഞ്ഞിട്ടത് മഷിയുണങ്ങിയ ഓര്‍മ മാത്രം...
ഇപ്പോള്‍ കുറച്ചിട കവിതയുടെ കോപ്പ ഒഴിഞ്ഞിരിക്കുന്നു
ഇത് ഇലകള്‍ പൊഴിഞ്ഞ കവിതയുടെ മ‍ഞ്ഞുകാലം.
ഹൃദയത്തിന്‍റെ ഒറ്റയടിപ്പാതയില്‍ ഇപ്പോള്‍ തനിച്ചാണ് നടത്തം...
അപായച്ചങ്ങലയില്‍ തൂങ്ങിയാടുന്ന എന്‍റെ ഏകാന്തത....
കാഴ്ചയുടെ ബാരോമീറ്റര്‍ തകര്‍ത്ത് ചിന്തകളുടെ കടവാവലുകള്‍ ചിതറുന്നു.
വരഞ്ഞിടാന്‍ ഏറെ കാഴ്ചകള്‍ കണ്ടു തീര്‍ന്നിട്ടുണ്ട്. യാത്രയുടെ ഒരു ചെറിയ പര്‍വ്വം കഴിഞ്ഞിരിക്കുന്നു. പക്ഷേ, എനിക്ക് നിന്നിലേക്ക് എന്‍റെ മനസിന്‍റെ നീലജാലകങ്ങള്‍ തുറക്കാന്‍ ഒരു വാക്കെങ്കിലും വേണ്ടേ.......ഒരേ ഒരു വാക്കെങ്കിലും???
... ആ വാക്കാണ് എന്‍റെ നിശബ്ദത തേടുന്നത്. പലപ്പോഴും ആ വാക്കു തിരഞ്ഞ് ഞാന്‍ നിരാശനാകുന്നു.... വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.
(എന്‍റെ ഭയം॥ ..... എഴുതി പൂര്‍ത്തിയാക്കിയ ബയോളജി റെക്കോര്‍ഡ് ബുക്കിലേക്ക് മഷിക്കുപ്പി മറിഞ്ഞു വീണതു പോലെ.... t9 സെക്കന്‍റില്‍ നിന്ന് സമയം പെട്ടെന്ന് t0 (ടി സീറോ) സെക്കന്‍റിലെ നിശ്ചലതയിലേക്ക് പൊട്ടിവീണതുപോലെ.....ഞാന്‍ ഭയക്കുന്നു, വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.........)
അന്പലമുറ്റത്തിനു മുകളിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ എണ്ണിക്കിടക്കുന്പോള്‍ എന്നപോലെ, ദൂരയാത്രയില്‍ ഒറ്റയ്ക്കായ പോലെ, മനസിന്‍റെ ബാരോമീറ്ററില്‍ നിശബ്ദതയുടെ ഒരു കടല്‍ദൂരം കടന്നു പോകുന്നു....
"ചില നിശബ്ദതകള്‍
കണ്ണീരു കൊണ്ട് നനയും
ചില നിശബ്ദതകള്‍
ഭയം കൊണ്ട് കറുക്കും
ചില നിശബ്ദതകള്‍
നിസ്സഹായതകൊണ്ട് വിളറും
ചില നിശബ്ദതകള്‍
ആത്മനിന്ദകൊണ്ട് ഇരുളും
നിശബ്ദതകള്‍ ഒരിക്കലും
പൂര്‍ണവിരാമങ്ങളല്ല''
-(നിശബ്ദതകള്‍ പൂര്‍ണവിരാമങ്ങളല്ല; കെ.ജയകുമാര്‍)
നിശബ്ദമായ വാക്കിന്‍റെ ശബ്ദം മുഴങ്ങിയേക്കാം, മനമൊട്ടി നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം...
അപായച്ചങ്ങലയില്‍ ഏതു നിമിഷവും എന്‍റെ കൈയ്യെത്താം।
കയ്യെത്തട്ടെ.....അല്ലേ...

Friday, February 1, 2008

eternal Tao

The Tao that can be told is not the eternal Tao;
The name that can be named is not the eternal name.
The nameless is the beginning of heaven and earth.
The named is the mother of ten thousand things.
Ever desireless, one can see the mystery.
Ever desiring, one can see the manifestations.
These two spring from the same source but differ in name;
this appears as darkness.
Darkness within darkness.
The gate to all mystery.


—Gia-Fu Feng