Thursday, November 20, 2008

അമേരിക്കയുടെ സോഫ


ധിനിവേശത്തിന്‍റെ പീരങ്കിവെടികള്‍ക്ക് വിരാമമിട്ട് ഇറാക്കില്‍ നിന്ന് 1,50,000 അമേരിക്കന്‍ പട്ടാളക്കാരെ പിന്‍വലിക്കാനുള്ള കരാറില്‍ (അമേരിക്കന്‍) ഇറാക്കും അമേരിക്കയും ഔദ്യോഗികമായി ഒപ്പിട്ടിരിക്കുന്നു. ഗ്വാണ്ടനാമോ തുടച്ചു നീക്കും എന്നനിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമയുടെ പ്രസ്താവനയോട് കൂട്ടിച്ചേര്‍ത്താണ് പലരും കരാറിനെ വായിച്ചത്. ഇറാക്കില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്പോലും ഈ ഒപ്പിടീല്‍ ചിത്രീകരിക്കപ്പെട്ടു. ജോര്‍ജ് ബുഷും ഇറാക്കിലെ പാവസര്‍ക്കാരിന്‍റെ തലവന്‍ നൂറി അല്‍മാലിക്കിയും സംയുക്തമായുണ്ടാക്കിയ സോഫ( status of forces agreement SOFA) എന്ന കരാറിന്‍റെ ഔദ്യോഗിക ഒപ്പിടീല്‍ മാത്രമാണ് ഇറാക്കിലെ യു.എസ് അംബാസഡര്‍ റിയാന്‍ ക്രോക്കറും ഇറാക്ക് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരിയും ബാഗ്ദാദില്‍ നടത്തിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അമേരിക്കന്‍ സേനയും ഇറാക്കില്‍ നിന്നു പിന്‍മാറാനുള്ള കരാറാണിത്. 2011 ഡിസംബര്‍ 31 ഓടെ ഇറാക്കിലെ മുഴുവന്‍ അമേരിക്കന്‍ സേനയുടെയും പിന്മാറ്റം വാഗ്ദാനം ചെയ്യുന്ന സോഫ എന്ന കരാര്‍ ഇനി ഇറാക്കിലെ 275 അംഗ പാര്‍ലമെന്‍റ് അംഗീകരിക്കണം. ഷിയ സുന്നി ബ്ലോക്കുകളും ചില അയല്‍ രാജ്യങ്ങളും കരാറിന്‍റെ കരടു രൂപത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കരാര്‍ അംഗീകരിക്കപ്പെടുമെന്നാണ് ഇറാക്കിലെ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ പ്രതീക്ഷ. പക്ഷേ, 5 വര്‍ഷത്തെ അധിനിവേശത്തിന്‍റെ ലാഭം മറന്ന് ഒരു ബ്ലൈന്‍ഡ് ഗെയിമിന് അമേരിക്ക തയാറാകും എന്നു കരുതുന്നത് മണ്ടത്തരമാണ്. ‍ ഇറാക്കിന് ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തോട് ഇറാക്കില്‍ തുടരാമെന്ന് ‘അപേക്ഷിക്കാന്‍" അനുവാദം നല്‍കുന്ന സോഫ കരാര്‍ ഇറാക്കിന്‍റെ മുന്നില്‍ കുപ്പിച്ചില്ലുകള്‍ നിറച്ചു ഇലപൊതിഞ്ഞു മൂടിയ ചതിക്കുഴി തന്നെയാണ്. അമേരിക്കയുടെ ഉന്നവും അതു തന്നെ.
എന്താണ് സോഫ?
രു രാജ്യവും ആ രാജ്യത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ള വിദേശരാജ്യവും തമ്മിലുള്ള കരാറാണ് സോഫ. ‍ അധിനിവേശത്തിന്‍റെ പിന്‍കുറിപ്പായാണ് സോഫ എപ്പോഴും ചരിത്രത്തിലിടം പിടിക്കുന്നത്. അധിനിവേശം നടന്ന രാജ്യവും സൈനിക നടപടി നടത്തിയ വിദേശരാജ്യവും തമ്മിലുള്ള ഈ കരാര്‍ രാഷ്ട്രീയ അട്ടിമറികള്‍ക്കും ആഭ്യന്തരകലാപങ്ങള്‍ക്കും ജുഡീഷ്യറിയുടെ തകര്‍ച്ചയ്ക്കും വഴിമരുന്നിട്ടിട്ടുണ്ട്. തെക്കന്‍ കൊറിയയിലെയും കിര്‍ഗിസ്ഥാനിലെയും ജപ്പാനിലെയും സൈനികനടപടിയുടെ രക്തരൂക്ഷിത ചരിത്രങ്ങള്‍ പറഞ്ഞു തരുന്നതും ഇതു തന്നെ. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സോഫ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യം.


റാക്കിലെ അമേരിക്കയുടെ എണ്ണയുദ്ധം എന്ന അധിനിവേശ ചരിതം പറഞ്ഞു തരുന്ന പല രസകരമായ യാഥാര്‍ഥ്യങ്ങളുണ്ട്. 2003 ലെ അധിനിവേശത്തിനു ശേഷം ഇറാക്ക് ഭരിക്കുന്നത് പരമാധികാരമുള്ള ഇറാക്കി സര്‍ക്കാറാണ്. അമേരിക്കയുടെ വിരലുകളില്‍ വെളുത്ത ചരടുകള്‍ കുരുക്കിയിട്ട പാവകളി. ഇതു വരെയും ഈ പരമാധികാര സര്‍ക്കാരുമായി അമേരിക്ക സോഫ യില്‍ ഒപ്പുവച്ചിട്ടില്ല. അതായത് ഇറാക്കില്‍ അമേരിക്കന്‍ പട്ടാളം നടത്തുന്ന എന്ത് മനുഷ്യാവകാശലംഘനങ്ങള്‍ക്കും ശിക്ഷ നല്‍കാനുള്ള അധികാരം ഇറാക്കി ഭരണകൂടത്തിനും ജുഡീഷ്യറിക്കുമുണ്ട് എന്നര്‍ഥം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാത്ത അധികാരമായി അത് ചരിത്രത്തിലിടം പിടിച്ചു എന്നത് രസകരമായ ക്രൂരത.
രു വര്‍ഷം മുന്പ് മാത്രമാണ് ഇറാക്കുമായി സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രീമെന്‍റ് ഉണ്ടാക്കാനുള്ള ചര്‍ച്ച അമേരിക്ക തുടങ്ങിവച്ചത്. അമേരിക്കയുടെ 22 ാം പ്രതിരോധ സെക്രട്ടറിയും സിഐഎയുടെ ഡയറക്ടര്‍ ജനറലുമായ റോബര്‍ട് ഗേറ്റ്സാണ് ഈ വര്‍ഷമാദ്യം ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജനുവരി 24 ന് ഇറാക്കുമായി സോഫയുടെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇറാക്കുമായി ദീര്‍ഘകാല സുരക്ഷാ കരാറായിരുന്നു ം അമേരിക്കയുടെഎന്നത്തേയും ലക്ഷ്യം. എന്നാല്‍ ഇതിനെതിരെ അമേരിക്കന്‍ റബര്‍ സ്റ്റാന്പ് നൂറി അല്‍ മാലിക്കി തന്നെ പരസ്യമായി രംഗത്തെത്തി. ഈ വര്‍ഷം ജൂണ്‍ 13 ന് ജോര്‍ദാനില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു.
"We have reached an impasse because when we opened these negotiations we did not realize that the US demands would so deeply affect Iraqi sovereignty and this is something we can never accept,"
എന്നായിരുന്നു അല്‍ മാലിക്കിയുടെ രോഷം.
റാക്കില്‍ മനുഷ്യാവകാശലംഘനങ്ങളുടെ റഗ്ബി നടത്തിയ അമേരിക്കന്‍ സൈനികര്‍ക്ക് ഇറാക്ക് കോടതി ശിക്ഷ നല്‍കുന്നവിഷയത്തിലും പിന്മാറാനുള്ള കൃത്യമായ സമയത്തിന്‍റെ കാര്യത്തിലും ‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഷിയ നേതാവ് ആയത്തുള്ള അലി സിസ്താനിയും കരാറിന്‍റെ പ്രാഥമിക രേഖയ്ക്കെതിരെ രംഗത്തെത്തി. എന്നാലും എതിര്‍പ്പുകള്‍ മറികടന്ന് അമേരിക്കയും ഇറാക്ക് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ മുന്നോട്ടു പോയി. പിന്മാറ്റത്തിനുള്ള സമയക്രമത്തില്‍ ധാരണയായതിനെ തുടര്‍ ന്ന് ജൂലൈ 7 കരാറിന്‍റെ പ്രാഥമിക രൂപവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ഇറാക്ക് സര്‍ക്കാര്‍‌ തീരുമാനിച്ചു. ഇറാക്ക് ഭരണഘടന അംഗീകരിച്ചാല്‍ കരാര്‍ നടപ്പാകുമെന്ന് എന്ന് സര്‍ക്കാര്‍ വക്താവ് ഖലീദ് അല്‍ അയിത്താ പ്രഖ്യാപിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു വലിച്ചു നീട്ടലുകള്‍ക്കും കുറുക്കലുകള്‍ക്കും പ്രായോഗിക കീഴടങ്ങലുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസും അമേരിക്കന്‍ നിയമപണ്ഡതര്‍ക്കു മുന്നില്‍ ഇറാക്കുമായുള്ള സോഫയെക്കുറിച്ച് വിശദീകരിച്ചു. ഈ സമയം ഇറാക്ക് പ്രധാനമന്ത്രി അല്‍ നൂറി മാലിക്കി മന്ത്രിസഭയ്ക്കു മുന്നില്‍ സോഫ ഇടുന്നതിനു മുന്പ് ഇറാക്കിന്‍റെ ദേശീയ രാഷ്ട്രീയ സുരക്ഷാ കൗണ്‍സിലിനു മുന്നില്‍ സോഫ അവതരിപ്പിക്കുകയായിരുന്നു. സൈനിക പിന്മാറ്റത്തിനുള്ള ദിവസത്തിന്‍റെ കാര്യത്തില്‍ ഒരു പരിധി വരെ ഇറാക്കിന്‍റെ താല്പര്യത്തിന് അമേരിക്ക വഴങ്ങിയതോടെ പരമാധികാരത്തിന്‍റെ കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പക്ഷേ, പരസ്പരം ചതിക്കുഴികള്‍ ഒരുക്കാതെ എന്തു രാജ്യാന്തര കരാര്‍ .


വംബര്‍ 16 ന് ഇറാക്ക് മന്ത്രിസഭാസമിതി സോഫ കരാര്‍ അംഗീകരിച്ചു. 37 അംഗ ക്യാബിനറ്റില്‍ 27 പേരാണ് കരാറിനെ അനു കൂലിച്ച് വോട്ടു ചെയ്തത്. 9 പേര്‍ കാബിനറ്റിന് എത്തിയിരുന്നില്ല. ഒരാള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. കരാറനുസരിച്ച് 2009 ജൂലൈ 30 ന് ഇറാക്കിലെ നഗരങ്ങളില്‍ നിന്ന് അമേരിക്ക സൈന്യം പിന്മാറും. 2011 ഡിസംബറില്‍ ഇറാക്കില്‍ നിന്ന് പൂര്‍ണമായും സൈനിക പിന്മാറ്റമുണ്ടാകും. ഇറാക്ക് ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ഇറാക്കിലെ വീടുകള്‍ പരിശോധിക്കാനുള്ള അമേരിക്കന്‍ പട്ടാളത്തിന്‍റെ അനുമതി റദ്ദാക്കല്‍, ഇറാക്ക് സൈന്യത്തിന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്നതും ഇറാക്കിലെ സൈനിക ബേസുകളിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായ (സൈനിക ) സാധനങ്ങള്‍ പരിശോധിക്കാനുള്ള നിയമപരമായ അനുമതിയും ഇതിനെ കുറ്റവിചാരണ ചെയ്യാനുള്ള അവകാശവും കരാറില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിര്‍മിച്ച കെട്ടിടങ്ങളും സൈനികത്താവളങ്ങളും ഇറാക്കിന് കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇറാക്കിലെ എല്ലാ വിദേശ സൈന്യങ്ങളുടെയും സമ്മര്‍ദം അവസാനിക്കുമെന്നാണ് മന്ത്രിസഭ കരാര്‍ അംഗീകരിച്ച ശേഷം അല്‍ നൂറി മാലിക്കി പ്രഖ്യാപിച്ചത്.


ന്നാല്‍ ഇറാക്കില്‍ അതീവ ഗുരുതമായ മനുഷ്യവകാശലംഘനങ്ങള്‍ ചെയ്ത അമേരിക്കന്‍ പട്ടാളക്കാരെ കുറ്റവിചാരണ ചെയ്യാനുള്ള അവകാശത്തിന്‍റെ കാര്യത്തില്‍ ഇറാക്കിനു പിഴച്ചു. വലിയ പിഴവ്. അമേരിക്കന്‍ സൈനികര്‍ സൈനിക ക്യാംപിനു പുറത്തുവച്ചും ഡ്യൂട്ടിസമയത്തല്ലാതെയും നടത്തിയ ആസൂത്രിതവും ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനുള്ള അധികാരം മാത്രമാണ് ഇറാക്കി ന്യായാധികാരത്തിന്‍റെ പരിധിയില്‍ വരുന്നത്. ഇതല്ലാതെ അമേരിക്കന്‍ സൈനികര്‍ നടത്തിയ ഒരു അവകാശലംഘനങ്ങള്‍ക്കു നേരെയും പൊയിന്‍റ് ബ്ലാങ്ക് അകലത്തില്‍ ‍നിയമത്തിന്‍റെ തോക്കു ചൂണ്ടാന്‍ ഇറാക്കി നിയമവ്യവസ്ഥയ്ക്കു കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇറാക്ക് അമേരിക്ക സംയുക്ത സമിതി സൈനിക ക്യാംപുകള്‍ക്കു പുറത്തു വച്ച് നടത്തിയ കുറ്റകൃത്യങ്ങളില്‍ വിചാരണ വേണമോ എന്ന് പരിശോധിക്കും. അമേരിക്കന്‍ സൈന്യത്തിന്‍റെ തടവിലുള്ള 16, 000(കണക്കുകള്‍ ഇതില്‍ കൂടിയേക്കും) ഇറാക്കി പട്ടാളക്കാരെ സംബന്ധിച്ചും വ്യക്തമായ നിര്‍ദേശങ്ങള്‍ കരാറിലില്ല.
യഥാര്‍ഥ്യ ലക്ഷ്യം

മേരിക്കയുടെ പശ്ചിമേഷ്യയിലെ ചതിക്കുഴി തിരിച്ചറിഞ്ഞതിനാല്‍ ഇറാനും സിറിയയും ഇപ്പോഴത്തെ കരാറിനെതിരാണ്. ഇവിടെ അമേരിക്കന്‍ പടയുടെ സാന്നിധ്യം ഈ മുസ്ലീം രാജ്യങ്ങളുടെ പരമാധികാരത്തിനെതിരാണെന്ന മൂടിവച്ച യാഥാര്‍ഥ്യം അവര്‍ക്ക് വ്യക്തമായി അറിയാം. പശ്ചിമേഷ്യയില്‍ സ്ഥിരം സൈനികത്താവളത്തിനായി ഇറാക്കില്‍ സൈനിക ബേസ് നിര്‍മിക്കാന്‍ ബുഷ് ഭരണകൂടം അവസാന നിമിഷം വരെ പൊരുതി. സൈന്യം പിന്‍മാറുന്പോള്‍ ഇറാക്കിന് ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തോട് ഇറാക്കില്‍ തുടരാമെന്ന് ‘അപേക്ഷിക്കാന്‍" അനുവാദം നല്‍കുന്ന വ്യവസ്ഥ ഇറാക്കിന്‍റെ പിടലിയില്‍ ചേര്‍ത്തു വച്ച കത്തിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇറാക്കിലെ അവസാനിക്കാത്ത ആഭ്യന്തര പ്രശ്നങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, സര്‍ക്കാരിന്‍റെ ബാലിശമായ അവസ്ഥ ഇങ്ങനെയൊക്കെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാക്കിലെ മാലിക്കിയുടെ പാവസര്‍ക്കാരിന് അമേരിക്കയോട് അവിടെ തുടരാനാവശ്യപ്പെടാം. അല്ലെങ്കില്‍ അമേരിക്കയുടെ" ഭീതി " പോലെ ശക്തമായ വ്യോമസേന ഇല്ലാത്ത ഇറാക്ക് എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. അതു കൊണ്ട് അമേരിക്കന്‍ വ്യോമസേന അവിടെ തങ്ങാന്‍ ഇറാക്കിന് ആവശ്യമുന്നയിക്കാം. കഴുമരത്തിലെ കുടുക്ക് ഇറാക്കിന് പാകമാകുന്ന തരത്തില്‍ മാറ്റിയെടുത്താല്‍ മാത്രം മതി. തിരഞ്ഞെടുക്കേണ്ട ഉത്തരങ്ങളില്‍ ചതിമാത്രമേയുള്ളൂ.


റാക്കില്‍ സൈനികത്താവളം നിര്‍മിക്കില്ലെന്നാണ് നിയുക്ത പ്രസിഡന്‍റ് ബാരക് ഒബാമയുടെ ഉറപ്പ്. പകരം ഭീകരവാദത്തിനെതിരെയുള്ള അമേരിക്കയുടെ കുന്തമുന തുടങ്ങുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നായിരിക്കുമെന്നും ഒബാമ പ്രഖ്യാപിച്ചു. പക്ഷേ ഇറാനടുത്തുള്ള സൈനികത്താവളവും പശ്ചിേമഷ്യയിലെ ആയുധബലവും എണ്ണപ്പാടങ്ങളുടെ ധനഖനിയും എന്നതിനു മുകളില്‍ ഒബാമയുെട വാഗ്ദാനത്തിന്‍റെ പരുന്ത് പറക്കുമോ എന്ന് കണ്ടു തന്നയറിയണം. മാത്രമല്ല അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള നാറ്റോ സൈന്യത്തിന് സഹായമെത്തിക്കുന്നതിന് താലിബാനില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഖ്യാബര്‍ പാസിലൂടെയുള്ള വ്യാപാരത്തിന് യൂറോപ്പിലൂടെ ബദല്‍ പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് നാറ്റോ. 32,000 അമേരിക്കന്‍ സൈനികരുള്‍പ്പെടെ 67,000 വിദേശസൈനികരാണ് നാറ്റോയുടെ സേനയിലുള്ളത്. അതുകൊണ്ടു തന്നെ അഫ്ഗാനില്‍ നാറ്റോയെ കൂടാതെ പുതിയ സൈനികത്താവളമെന്ന അമേരിക്കന്‍ മോഹത്തിന് തീവ്രശ്രമവും കനത്ത വിലയും നല്‍കേണ്ടി വരും.
റാക്കില്‍ തുടരാന്‍ അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുമായി ഉണ്ടാക്കിയ കരാറിന്‍റെ കാലാവധി ‍ ഈ വര്‍ഷം അവസാനത്തോടെ കഴിയുന്നതു കൊണ്ടു മാത്രമാണ് ഇപ്പോള്‍ ഇറാക്കിനെ ഇരുത്താന്‍ ഒരു സോഫയുമായി അമേരിക്ക ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പക്ഷേ, 5 വര്‍ഷം ഒരു രാജ്യത്ത് യാതൊരു കരാറുമില്ലാതെ കൂട്ടക്കുരുതിയും മനുഷ്യവകാശലംഘനങ്ങളും നടത്തിയതിന് എന്തുമറുപടിയുണ്ട് അമേരിക്കയ്ക്കു പറയാന്‍?..............

Wednesday, October 29, 2008

നയവും നിറവും


രു സോക്കര്‍ ഫുട്ബോളിന്‍റെ ഫൈനല്‍ പോലെ, ഓസ്കാര്‍ പ്രഖ്യാപനത്തിന്‍റെ അവസാന മിനിട്ടു പോലെ, കൈകൊണ്ട് മുഖം പൊത്തിക്കുന്ന മിസ് വേള്‍ഡ് മത്സരത്തിന്‍റെ പ്രഖ്യാപനം പോലെ ലോകം കാത്തിരിക്കുകയാണ് ബാരക് ഒബാമയോ ജോണ്‍ മക് കെയിനോ അമേരിക്കയെ നയിക്കുക എന്നറിയാന്‍. അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് നടന്നടുക്കുന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍ എന്ന ബഹുമതിയില്‍ ഒബാമയ്ക്ക് ഇന്ത്യന്‍ ജനതയുടെ മികച്ച പിന്തുണ ഉണ്ടെന്നത് സംശയമില്ലാത്തകാര്യം തന്നെയാണ്. ഈ പിന്തുണ നയത്തിലും ഉറപ്പാക്കാന്‍ ഒബാമയ്ക്കു കഴിഞ്ഞോ എന്നതാണ് പ്രധാനം. വിദേശകാര്യതന്ത്രങ്ങളില്‍ നയങ്ങള്‍ക്കു മാത്രമാണ് മുന്‍ഗണന. ഇവരില്‍ ആരു വിജയിക്കുന്നതാവും ഇന്ത്യന്‍ നയങ്ങളെ രാജ്യാന്തര തലത്തില്‍ സഹായിക്കുക എന്നതാണ് പ്രധാനം.
പിന്തുണ നിറത്തിന്‍റെ പേരിലോ നയത്തിന്‍റെ പേരിലോ എന്നതാണ് ചോദ്യം. ലോകശക്തികളുടെ ഇടയില്‍ സ്ഥാനമുറപ്പിക്കാനുള്ള വികസ്വര രാജ്യങ്ങളുടെ കുതിപ്പിനിടയില്‍ ഇന്ത്യന്‍ താല്പര്യം സംരക്ഷിക്കാന്‍ ഏത് അമേരിക്കന്‍ പ്രസിഡന്‍റ് തയാറാകും എന്നത് കൃത്യമായി അളന്നു കുറിച്ചു നോക്കുക. തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തില്‍ ഇടപെടാനാവില്ലങ്കിലും
ക് കെയിന്‍ അധികാരത്തിലെത്തിയാല്‍ ജോര്‍ജ് ബുഷിന്‍റെ ഇന്ത്യന്‍ അനുകൂല നയം പിന്തുടരുമെന്ന വ്യക്തമായ സൂചനകള്‍ അദ്ദേഹം ആദ്യം മുതലേ നല്‍കിയിരുന്നു. എന്നാല്‍ നെക്സ്ട് സ്റ്റെപ് ഇന്‍ സ്ട്രാറ്റജിക് പാര്‍ടണ്‍ ഷിപ്പ് ഇന്ത്യയുമായി തുടങ്ങിവച്ചത് ബില്‍ ക്ലിന്‍റണാണ്. അത് പിന്തുടരുക മാത്രമാണ്് ജോര്‍ജ് ബുഷ് ചെയ്തത് എന്നാണ് ഇന്ത്യന്‍ അനുഭാവം ഉറപ്പിക്കുന്ന ഒബാമയുടെ പിന്തുണക്കാരുടെ വാദം.
ന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംപ്രധാനമായ വിദേശകാര്യ തന്ത്രപ്രധാനകരാറായ ആണവകരാാര്‍ ഒപ്പിട്ട ജോര്‍ജ് ഡബ്ളു ബുഷിന്‍റെ പിന്‍ഗാമിയായ മക് കെയിന്‍ നയത്തില്‍ അദ്ദേഹത്തെ പിന്തുടരും എന്നാണ് ഇതു വരെയുള്ള വെളിപ്പെടുത്തലുകളും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പ് കാംപെയിനും വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയുമായി മികച്ച വിദേശനയം തുടങ്ങിവച്ച ബില്‍ ക്ലിന്‍റന്‍റെ ഡമോക്രാറ്റ് തട്ടകത്തില്‍ നിന്നാണ് ബാരക് ഒബാമ എത്തുന്നത്. ഒബാമയുടെയും നയം മറ്റൊന്നാകാതെ വയ്യ.

തേസമയം ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുമായുള്ള അമേരിക്കന്‍ നയം ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കും. ഇന്ത്യയുമായി തുറന്ന അതിര്‍ത്തി പങ്കിടുന്ന നേപ്പാളിലെ രാഷ്ട്രീയ അസ്ഥിരത അമേരിക്ക ഇടപെടും മുന്പേ ഇന്ത്യന്‍ വിദേശകാര്യവൃത്തങ്ങള്‍ ഇടപെട്ട് പരിഹരിച്ചത് ഒാര്‍മിക്കുക. ഇവിടുത്തെ കമ്യൂണിസ്റ്റ് ഭരണം ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് കരുത്താകുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും തന്ത്രപ്രധാന സൈനികമേഖലയിലേക്ക് മൂന്നാമതൊരാള്‍ കടന്നു വരുന്നത് ഒഴിവാക്കാനായിരുന്നു ഈ വിദേശകാര്യതന്ത്രം. അതു പോലെ നൂറുകോടിയുടെ സുനാമി ദുരിതാശ്വാസവുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഇന്ത്യയുടെ നാവിക മേഖലയിലേക്ക് ഒഴുകിയെത്തുമായിരുന്ന അമേരിക്കന്‍ സഹായം ഇന്ത്യ വേണ്ടെന്നു വച്ചത് സ്വന്തംകാലില്‍ നില്‍ക്കാമെന്ന ആത്മിവിശ്വാസം കൊണ്ടുമാത്രമായിരുന്നില്ലല്ലോ. അതുകൊൡണ്ട് തന്നെ അയല്‍ രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നു എന്ന് ഒളിച്ചിരിക്കാതെ നോക്കണം.

പാക്കിസ്ഥാനുമായുള്ള അമേരിക്കന്‍ നയവും ഇത്തരത്തിലെടുക്കുക. നേരത്തെയുള്ള തന്ത്രപ്രധാന പാര്‍ട്ണര്‍ പാക്കിസ്ഥാന്‍ ഭീകരവാദം കൊണ്ട് അേമരിക്കയെ തന്നെ പൊറുതിമുട്ടിക്കാന്‍ തുടങ്ങിയിരിക്കുന്നു. രണ്ടു തവണ അമേരിക്ക പാക്ക് അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ ക്യാംപുകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു.
?തേസമയം നേരത്തേ ഡമോക്രാറ്റിക് ക്യാംപെയിന്‍ വേളയില്‍ ഹിലാരിക്ലിന്‍റണ്‍ പാക്കിസ്ഥാനുമായി ആണവസാങ്കേതികത കൈമാറുന്നതു സംബന്ധിച്ച് പ്രസ്താവന നടത്തിയിരുന്നു.
"So far as we know right now, the nuclear technology is considered secure, but there isn't any guarantee, especially given the political turmoil going on inside Pakistan," she said, and added, "[If elected President,] I would try to get Musharraf to share the security responsibility of the nuclear weapons with a delegation from the United States and, perhaps, Great Britain."
എന്നതായിരുന്നു ആ പ്രസ്താവന. എന്നാല്‍ ഇത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ഒബാമ പിന്നീട് വ്യക്തമാക്കി. അല്‍ഖെയ്ദയും താലിബാനും സുരക്ഷിത സ്വര്‍ഗമൊരുക്കുന്ന പാക്കിസ്ഥാനില്‍ തീവ്രവാദം അമര്‍ച്ച ചെയ്യുമെന്ന് ഒബാമ പ്രഖ്യാപിച്ചു.
കഴിഞ്ഞ 7 വര്‍ഷമായി 10 ബില്യണ്‍ ഡോളറാണ് തീവ്രവാദം അമര്‍ച്ച ചെയ്യാനായി അമേരിക്ക പാക്കിസ്ഥാന് നല്‍കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ലെന്ന് ഒബാമ കുറ്റപ്പെടുത്തി.
ന്നാല്‍ ഇതു ചെയ്യാന്‍ പാടില്ലെന്ന് ശക്തമായ ഭാഷയിലാണ് മക് കെയിന്‍ മുന്നറിയിപ്പു നല്‍കിയത്. പാക്കിസ്ഥാന്‍ സര്‍ക്കാരിനെ കണക്കിലെടുത്താവും സൈനിക നടപടികളെന്ന് മക് കെയിന്‍ വ്യക്തമാക്കിയിരുന്നു. പര്‍വേശ് മുഷറഫ് എന്ന ഏകാധിപതിയെ നിലനിര്‍ത്താന്‍ ഫണ്ട് ചെയ്യുന്ന രാജ്യമെന്ന പേരാണ് അമേരിക്കയ്ക്ക് പാക്കിസ്ഥാനിലുള്ളതെന്നും ഒബാമ തുറന്നടിച്ചു. സൈനികമല്ലാതെയുള്ള സഹായം മാത്രമേ പാക്കിസ്ഥാനു നല്‍കാവൂ എന്നാണ് ഒബാമ നയം. ഇതിലെ വിദേശനയം അല്പം കുഴപ്പം പിടിച്ചതാണ്. പാക്കിസ്ഥാനിലെ തീവ്രവാദക്യാംപുകള്‍ക്കെതിരെ അമേരിക്ക എടുക്കുന്ന സൈനിക നടപടി ഇന്ത്യയില്‍ ഐഎസ്ഐ സ്പോണ്‍സേര്‍ഡ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കും. എന്നാല്‍ അതിര്‍ത്തി നിര്‍ണയം തുടക്കവും ഒടുക്കവുമില്ലാതെ നീണ്ടു പോകുന്ന അയല്‍ രാജ്യത്തിന്‍റെ പരമാധികാരത്തിലേക്ക് അമേരിക്ക പോലുള്ള ലോകപൊലീസുകാരന്‍റെ കടന്നുകയറ്റത്തെ കരുതലോടെ മാത്രമേ കാണാനാകൂ എന്നതാണ് യാഥാര്‍ഥ്യം.
റാക്കില്‍ നിന്ന് സൈനികരെ ഘട്ടം ഘട്ടമായി( ഘട്ടം ഘട്ടമായി) പിന്‍വലിക്കുമെന്ന വിദേശനയ പ്രഖ്യാപനം ലോകത്തിനു മുന്നില്‍ ഒബാമയുടെ മാര്‍ക്കുയര്‍ത്തി. ഇറാക്കില്‍ സ്ഥിരമായ സൈനികത്താവളം ഉണ്ടാക്കില്ലെന്നും ഇറാക്കിലെ സാധാരണക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ സൈന്യം മാത്രമേ അവിടെ അവശേഷിക്കൂ എന്നുമുള്ള ഒബാമയുടെ പ്രഖ്യാപനം ലോകം കൈയ്യടിയോടെയാണ് ഏറ്റുവാങ്ങിയത്. ഇറാഖ് സുരക്ഷാസേനയ്ക്ക് പരിശീലനം നല്‍കുമെന്നും രാഷ്ട്രീയസ്ഥിരതയുണ്ടാകുന്നതോടെ സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു മറ്റൊന്ന്. എന്നാല്‍ എതിര്‍സ്ഥാനാര്‍ഥിയായ മുന്‍ വിയറ്റ്നാം യുദ്ധവീരന്‍ ഇതിനെ തള്ളിക്കളഞ്ഞു. വിദേശനയത്തിെല ഒബാമയുടെ പരിചയക്കുറവാണ് ഇത് വിളിച്ചു കാട്ടുന്നെെതന്ന് മക് കെയിന്‍ പരിഹസിച്ചു. എക്സിസ്റ്റന്‍ഷ്യന്‍ ത്രെട്ടാണ് മക് കെയിന് ഇറാക്ക്. അതേസമയം അഫ്ഗാനിസ്ഥാനായിരിക്കും ഭീകരവാദത്തിനെതിരെയുള്ള അമേരിക്കയുടെആക്രമണത്തിന്‍റെ പ്രധാന ആയുധമെന്നും പ്രധാന കേന്ദ്രമെന്നുംഒബാമ വ്യക്തമാക്കി. പോസ്റ്റ് 9 /11 ണില്‍ അമേരിക്കയ്ക്കു പിണഞ്ഞ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് അഫ്ഗാനിസ്ഥാനിലെ സൈനിക നടപടികള്‍ പൂര്‍ത്തീകരിക്കാനാവാത്തതാണെന്നും ഒബാമ പറഞ്ഞു. അമേരിക്ക ഇറാക്കില്‍ തട്ടി നിന്നുവെന്ന് ഒബാമ വചനം. അഫ്ഗാനിസ്ഥാനില്‍ സ്ഥിരം സൈനികാസ്ഥാനം ഉണ്ടാക്കാന്‍ അമേരിക്ക തുനിഞ്ഞാല്‍ ഇന്ത്യയുടെ മിഡില്‍ ഈസ്റ്റിലെ സൈനികതന്ത്രത്തെ അത് ബാധിക്കും. അതേസമയം ഇവിടെ അമേരിക്കയുമായുള്ള സഹകരണം ലോകരാജ്യങ്ങള്‍ ഏങ്ങനെ കണക്കിലെടുക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
മേരിക്കയുടെ ഏകലോക അപ്രമാദിത്വത്തിനെതിരെ ലാറ്റിന്‍ അേമരിക്കയില്‍ കൊടുങ്കാറ്റുയര്‍ത്തുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുമായി ഉപാധികളില്ലാത്ത ചര്‍ച്ച നടത്തുമെന്ന ഒബാമയുടെ പ്രസ്താവന വിചിത്രമായിരുന്നു. ഇത് എത്രത്തോളം പ്രാവര്‍ത്തികമെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ദ എംപയര്‍ എന്ന് അമേരിക്കയെ അടുത്തിടെയും ആക്ഷേപിച്ച വെനിസ്വേലയന്‍ പ്രസിഡന്‍റ് ഹ്യൂഗോഷാവേസുമായും ചര്‍ച്ചയ്ക്ക് തയാറാണെന്ന പ്രസ്താവന ഇലക്ഷന്‍ ഗിമ്മിക്ക് മാത്രമാണോ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും വെനിസ്വേലയ്ക്ക് ആണവ ഇന്ധന പ്ലാന്‍റുകള്‍ നിര്‍മിക്കാനുള്ള സഹായം റഷ്യ പരിഗണിക്കുകയും അവരോടൊപ്പം സൈനിക പരിശീലനത്തില്‍ പങ്കാളികളാകുകയും ചെയ്തിരിക്കുന്ന ഈ അവസ്ഥയില്‍. അത്തരമൊരു നീക്കം അമേരിക്കന്‍ പ്രസിഡന്‍റ് നടത്തിയാല്‍ ചര്‍ച്ചകള്‍ കടലാസില്‍ ഒതുങ്ങാതിരുന്നാല്‍ ആഗോളവത്കരണ കാലത്തിലെ പുതിയ ലോകക്രമത്തിന്‍റ തുടക്കമാകും അത്.


പ്രചരണത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യയ്ക്കെതിരെയുള്ള നയപ്രഖ്യാപനത്തിന്‍റെ കെട്ടഴിച്ചു വിട്ട ഒബാമ അവസാനഘട്ടത്തില്‍ പല അനുകൂല സ്വരമാകുന്ന കാഴ്ചയായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ അമേരിക്ക ആണവകരാറിനെതിരായി നില്‍ക്കുമോ എന്നും വിേദശനയതന്ത്രലോകം സംശയിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ പ്രസത്ാവനകള്‍ പലതും പുലിവാലു പിടിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയിലെ എതിരാളിക്കെതിരെ എയ്ത അന്പാണ് ബൂമറാങ് പൊലെ ആദ്യം തിരിച്ചടിച്ചത്.
2007 ജൂണില്‍ ഹിലാരിക്ലിന്‍റണെതിരെ പഞ്ചാബില്‍ നിന്നുള്ള ഡെമോക്രാറ്റ്‍ എന്ന് ഒബാമ വിശേഷിപ്പിച്ചു. ഇതിെനതിരെ ഇന്ത്യന്‍ സമൂഹം രംഗത്തെത്തിയതോെട ഇന്ത്യ അമേരിക്ക ബന്ധത്തില്‍ തനിക്കുള്ള കാഴ്ചപ്പാടല്ല ഇതെന്ന് പറഞ്ഞ് ഒബാമ തടിയൂരി. ഡെമോക്രാറ്റുകളുടെ പ്രമുഖ ഫണ്ട് റെയ്സറായ ന്യൂയോര്‍ക്കിലെ ഹോട്ടല്‍ ശൃംഖലകളുടെ ഉടമ സന്ത് സിങ് ചത്് വാളിനോട് സംസാരിക്കവെ പഞ്ചാബില്‍ നിന്നു പോലും സെനറ്റിലേക്ക് മത്സരിച്ചാല്‍ താന്‍ സുഖമായി ജയിച്ചുകയറുമെന്ന് ഹിലാരി ക്ലിന്‍റണ്‍ വീന്പിളക്കിയത് അനുസ്മരിച്ചാണ് ഒബാമ പ്രസ്താവന ഇറക്കിയത്. അമേരിക്കക്കാര്‍ക്കു ലഭിക്കേണ്ട ജോലികള്‍ ക്ലിന്‍ണ്‍ ഇന്ത്യയിലേക്ക്ഔട്ട് സോഴ്സ് ചെയ്തുവെെന്ന വിവാദത്തിന്‍റെ കെട്ടും ഇതോടൊപ്പം ഒബാമ അഴിച്ചുവിട്ടു. ആഗോളവത്കര രാഷ്ട്രീയത്തിന്‍റെ ഉപോല്‍പന്നമായ പ്രാദേശിക രാഷ്ട്രീയമാണ് തന്‍റെതെന്ന് തെളിഞ്ഞും മറഞ്ഞും ഒബാമ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്‍റെ സാധ്യതകള്‍ ഉപയോഗിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനാണ് തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒബാമ കൂടുതല്‍ പ്രാമുഖ്യം നല്‍കിയതും. ഒബാമ പ്രസിഡന്‍റായാല്‍ ഇന്ത്യയിലെ ഔട്ട് സോഴ്സിങ് ജോലികള്‍ കുറയുമെന്നാണ് വിദേശകാര്യ നിരീക്ഷകര്‍ കരുതുന്നത്.
വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ അബ്പ്റോ‍‍ഡ്(indian abroad) മാഗസിനില്‍ ഇന്ത്യന്‍ അനുകൂല ലേഖമെഴുതിയ ഈ കറുത്തവര്‍ഗക്കാരന്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് തന്നോടുള്ള വര്‍ണപരമായ സ്വാധീനം ഊട്ടിയുറപ്പിച്ചു. ഇന്ത്യയുമായി അടുത്ത തന്ത്രപ്രധാന പങ്കാളിത്തം ഉറപ്പാക്കുമെന്നാണ് ഒബാമ ഈ ലേഖനത്തില്‍ വ്യക്തമാക്കിയത്. അല്‍ഖെയ്ദ പോലെയുള്ള ഭീകരസംഘടനകളെ നേരിടുന്നതില്‍ ഇന്ത്യയുമായി ഒരു മിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിയായ ജോസഫ് ബിഡനെ തിരഞ്ഞെടുത്ത് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ താല്പര്യം കണക്കിലെടുത്താണെന്ന രീതിയിലും ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ വ്യംഗ്യമായി പറഞ്ഞു. വിദേശകാര്യ സമിതിയുടെ സെനറ്റ് സെക്രട്ടറിയായ ബിഡനാണ് ഇന്ത്യ അമേരിക്ക ആണവകരാറില്‍ മുഖ്യപങ്കുവഹിച്ചത്. ഇന്ത്യ ചൈന സര്‍ക്കാരുകളുമായി പെട്രോളിയം ക്രൈസിസ് റെസ്പോണ്‍സ് മെക്കാനിസം പങ്കുവയ്ക്കുന്ന എനര്‍ജി ഡിപ്ലോമസി ആന്‍റ് സെക്യൂരിറ്റി ആക്ട് 2007 രൂപകല്പന ചെയ്തു എന്ന ഇന്ത്യന്‍ അനുഭാവവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
ന്ത്യ അമേരിക്കയുടെ സ്വാഭാവിക പങ്കാളി എന്നാണ് മക് കെയിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയെ ജി എട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ബന്ധം ശക്തമാക്കുന്നതിനെ ശക്തമായി അനുകൂലിക്കുന്നുവെന്നും ആയുധവല്‍ക്കരണത്തിനെതിരെ പോരാടുന്നതില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ ശ്രമിക്കുമെന്നും മെയ് 2008 ല്‍ ആണവ സുരക്ഷ സംബന്ധിച്ച് അദ്ദേഹം പ്രസംഗിച്ചു. ഇന്ത്യയ്ക്ക് മികച്ച ആയുധങ്ങളും ആണവസുരക്ഷയും‍ നല്‍കാന്‍ അമേരിക്ക തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആണവ സംഘര്‍ഷം ഒഴിവാക്കാന്‍ ഇന്ത്യയുമായി ചേര്‍ന്ന് രാജ്യാന്തര ആണവമുന്‍ഗണനാക്രമം ഉണ്ടാക്കണമെന്നത് വ്യത്യസ്തമായ നയമായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയ്ക്ക് ഇത് മികച്ച നേട്ടമാകും. ആഗോളതാപനം നിയന്ത്രിക്കാനായി വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കുന്ന ഇന്ത്യയുമായും ചര്‍ച്ച വേണമെന്ന് ഒബാമയും മക് കെയിനും ഒരേ സ്വരത്തില്‍ വ്യക്തമാക്കിയതാണ്.
പുറം ജോലിക്കരാര്‍ സംബന്ധിച്ച പ്രസിഡന്‍റുമാരുടെ നയമാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാന പ്രശ്ര്നം . രാജ്യാന്തര തലത്തില്‍ സാന്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഔട്ട്സോഴ്സിങ് രംഗത്തെ അമേരിക്കന്‍ നയം ഇന്ത്യയുടെ സാന്പത്തിക മേഖലയെ കാര്യമായി ബാധിക്കും. പുറം ജോലിക്കരാറിന്‍ മേല്‍ അമേരിക്കയിലുള്ള നികുതി ഇളവുകള്‍ പിന്‍വലിക്കപ്പെട്ടേക്കാമെന്നാണ് നയതന്ത്ര വിലയിരുത്തലുകള്‍.

ക്ഷേ ഏറ്റവും പ്രധാനമായ ഒന്നുണ്ട് . അങ്കിള്‍ സാമായി ഒബാമയോ , മക് കെയ്നോ എത്തിയാലും ഇന്ത്യയെ അങ്ങനെയങ്ങു തള്ളിക്കളയാനാവില്ല. പഴയ സോവിയറ്റ് അച്ചുതണ്ടില്‍ നിന്ന് ഇന്ത്യയെ അടര്‍ത്തിയെടുത്താല്‍ രാജ്യാന്തരതലത്തില്‍ വളരെ നേട്ടമുണ്ടാക്കാനാകുക അമേരിക്കയ്ക്കാണ്. സാന്പത്തിക, തന്ത്രപ്രധാനമേഖലകളില്‍ ഇന്ത്യയെപ്പോലെയുള്ള ജനാധിപത്യ രാജ്യത്തിന്‍റെ പിന്തുണ അമേരിക്കയ്ക്ക് അത്യാവശ്യമാണ്. പ്രധാനകാരണം, ഏഷ്യയില്‍ ചൈനയ്ക്കു മേല്‍കൈ നേടാന്‍ അമേരിക്കയ്ക്കുള്ള ഏക പിടിവള്ളി നിലയില്‍. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്കുള്ള ജനസമ്മിതിയും പ്രധാനം.

Tuesday, April 8, 2008

ഇടംകാലിലെ ഷൂസും വലംകാലിലെ ഷൂസും


ജിങ്കോയിസവും(jingoism)ജേര്‍ണലിസവും (journalism)തമ്മിലുള്ള നേര്‍ത്തവരന്പുകളെക്കുറിച്ച് ചിലതെഴുതാമെന്നു തോന്നി. കഴിഞ്ഞ ബ്ലോഗിലെ ചില പ്രതികരണങ്ങളും ചൂടേറിയ ചര്‍ച്ചകളുമാണ് ഇതിലേക്കു നയിച്ചത്. എക്ട്രീം പാട്രിയോടിസം എന്നത് പ്രൊപ്പഗന്‍ഡയായും അല്ലാതെയും ഉപയോഗിക്കുന്നു എല്ലാവരും എല്ലാ മീഡിയയും. ഇതിനെ ഏതു രീതിയില്‍ കാണണമെന്നതാണ് പ്രശ്നം.


extreme patriotism in the form of aggressive foreign policyഎന്നതാണ് നിര്‍വചനം. എങ്കിലുമതിനെ അതിരുകടന്ന ദേശസ്നേഹമായി മീഡിയായില്‍ വ്യാഖ്യാനിക്കപ്പെടുന്നു. (കഥയില്‍, അതിര് നിശ്ചയിക്കുന്നതാര് എന്ന ചോദ്യം പാടില്ല)

We don't want to fight but by Jingo if we do,
We've got the ships, we've got the men, we've got the money too, എന്നുതുടങ്ങുന്ന ജി.എച്ച് മക്ഡര്‍മോട്ടിന്‍റെ ഗാനത്തിലൂടെയാണ് ജിങ്കോയിസം എന്ന വാക്ക് ലോകത്തിന്‍റെ ശ്രദ്ധയിലേക്കെത്തുന്നത്. 1898ല്‍അമേരിക്കന്‍ സ്പാനിഷ് യുദ്ധം സ്പ്രെഡ് ഈഗിളിസം എന്ന ഈ വികാരത്തെ അടയാളപ്പെടുത്തുന്നു.

ഇതൊക്കെ മുഖവുരപോലെ പറഞ്ഞു പോയതാണ്. ക്ഷമിക്കുക. കഥയിലെ കാര്യം തുടങ്ങാം . കഴിഞ്‍ ബ്ലോഗില്‍ പറഞ്ഞു വച്ച ഒന്നില്‍ നിന്ന്. ഫോക്സ് ന്യൂസ് യുദ്ധത്തിനായി പ്രത്യേകമുണ്ടാക്കിയ ന്യൂസ് ലോഗോയില്‍ അമേരിക്കന്‍ പതാകയും ഓപ്പറേഷന്‍ ഇറാക്കി ഫ്രീഡമെന്നും എഴുതിച്ചേര്‍ത്തു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇപ്പറഞ്ഞ ജിങ്കോയിസം പതിയെ കുത്തിവയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതെപ്പോഴും മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലായിടത്തും. ദേശീയതാല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ.

ഇന്ത്യയിലേക്കു വരാം. പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന്‍റെ സ്കൂപ്പ് എന്ന പുസ്തകത്തില്‍ വാര്‍ വിത്ത് ബംഗ്ലാദേശ് എന്ന അധ്യായത്തില്‍ പറയുന്ന ഒരു വാര്‍ത്തയുണ്ട്. ബംഗ്ലാദേശ് വിഭജന കാലത്ത് മുക്തിബാഹിനി എന്ന ബംഗ്ലാവിമോചനകാരികള്‍ക്ക് എല്ലാസഹായവും ചെയ്തത് ഇന്ത്യയെന്ന് അദ്ദേഹം എഴുതുന്നു. ഇതില്‍ ശ്രദ്ദേയമായ ഒന്നുണ്ട്. മുക്തിബാഹിനിയുടെ "വീരകൃത്യങ്ങളെ"ക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്ന എല്ലാവാര്‍ത്തയുടെയും പ്ലേസ് ലൈന്‍ (വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന് എന്ന് വ്യക്തമാക്കുന്ന ടേം) മുജീബ് നഗര്‍ ആയിരുന്നു. എല്ലാവായനക്കാരിലും മുജീബ്നഗര്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു പ്രവിശ്യ എന്ന് തോന്നലുണ്ടാക്കിയിരുന്നു. ഈ സമയത്ത് ദ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇന്ത്യയിലെ കറസ്പോണ്ടന്‍റ് കുല്‍ദീപ് നയ്യാറിനോട് ചോദിക്കുന്നു. മുജീബ് നഗര്‍ കല്‍ക്കട്ടയിലെ ഒരു സ്ഥലമാണെന്ന് താങ്കള്‍ക്കറിയുമോ എന്ന്. അറിയാമെന്ന് കുല്‍ദീപ് നയ്യാര്‍ മറുപടി പറയുന്നു. എന്നിട്ടെന്തുകൊണ്ടാണ് ഇന്ത്യന്‍ മീഡിയ ഈ സ്ഥലത്തിന്‍റെ യഥാര്‍ഥ ഉറവിടത്തെക്കുറിച്ച് എഴുതാത്തതെന്നും അങ്ങനെ എഴുതരുതെന്ന് ഔദ്യോഗിക നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നും ചോദിച്ചപ്പോള്‍ ഇന്ത്യന്‍ മീഡിയ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കുല്‍ദീപ് നയ്യാര്‍ പറയുന്നു.

ഇതിനെ ജിങ്കോയിസം എന്നു വിളിക്കാമോ. എന്നതാണ് ചോദ്യം? ദേശീയ താത്പര്യംവരുന്പോള്‍ ഇന്ത്യന്‍ മീഡിയാ ചെയ്തതാണിത്. ഇപ്പോഴും ഇന്ത്യ ഉള്‍പ്പെടുന്ന യുദ്ധങ്ങളില്‍ ഔദ്യോഗിക കണക്കുകളിലൂടെയാണ് നാം കടന്നുപോകാറ്. മരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണം കുറവായിരിക്കുകയും മറുഭാഗത്തുള്ളവരുടെ എണ്ണം കൂടുതലായിരിക്കുകയും ചെയ്യുന്നു. അതുപോലെ വീരചരമം എന്നും കൊല്ലപ്പെട്ടു എന്നും രണ്ടു തുലാസുണ്ടാക്കുന്നില്ലേ?


അതില്‍നിന്നു മാറാം . ക്രിക്കറ്റ് എന്ന ഇന്ത്യയുടെ 'ദേശീയ വിനോദ"ത്തിലേക്ക് വരാം. യുദ്ധത്തിന്‍റെ പ്രതീതിയുണ്ടാക്കുന്ന തലക്കെട്ടുകളില്‍ നിന്ന് ജിങ്കോയിസത്തിന്‍റെ ഭൂപടങ്ങള്‍ വായിച്ചെടുക്കാം. ഇതിന്‍റെ ഉദാഹരങ്ങള്‍ ഒഴിവാക്കാം.

അമേരിക്കന്‍ ഭടന്‍ പരുക്കേറ്റ ഒരു കൊച്ചു കുട്ടിയുടെ അടുത്തിരിക്കുക, സദ്ദാമിന്‍റെ പ്രതിമ തകര്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുക ഇതൊക്കെ ജിങ്കോയിസവുമായി ബന്ധപ്പെടുത്തി വായിക്കേണ്ടുതുണ്ട്.
എല്ലാ രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ അതിന്‍റേതായ ജിങ്കോയിസത്തില്‍ നില്‍ക്കുന്നുണ്ട്. ഇത് ദേശീയതാല്‍പര്യവുമായി കൂട്ടിക്കെട്ടിയിരിക്കുന്നു. അവ്യക്തമായ അതിരുകളുമായി. അതിരുകടക്കുന്നുണ്ടോ എന്ന് എങ്ങനെയറിയാം. ഇടത്തു നിന്നു വലത്തേക്കും വലത്തു നിന്ന് ഇടത്തേക്കും ഇരുപക്ഷവും വായിച്ച ശേഷം

"അനുകൂലിയല്ലാ ഞാന്‍
പ്രതികൂലിയല്ലാ ഞാന്‍
രണ്ടാം കൂലിയാകയാലേ"
എന്ന കുഞ്ഞുണ്ണിക്കവിത ചൊല്ലാം. പെഡഗോഗി ഓഫ് ദ ഒപ്പ്രസ്ഡ് എന്ന പുസ്തകത്തില്‍ പൗലോഫെയറല്‍ പറയുന്പോലെ "ബീയിങ് ഇന്‍ ദ ഷൂസ് ഓഫ് സംവണ്‍ "എന്നതു പോലെ ആലോചിക്കാം. പഴകിതേഞ്ഞ ഒരു വാചകം പോലെ ഇരയുടെ ഷൂസിലും വേട്ടക്കാരന്‍റെ ഷൂസിലും കയറിയിരുന്ന് നോക്കാം.

Monday, March 31, 2008

Who will erase the ruthlessness hidden in innocent blood
The war in Iraq has changed the face of war reporting forever, but it will be a long time before the full implications come to be realised,


Richard Sambrook.


BBC's director of news


ചോരക്കറ പുരണ്ട ഒരു കാലഘട്ടത്തിന്‍റെ 15ാം വാര്‍ഷികമാണ്. 2003മാര്‍ച്ച് 23മുതല്‍ മെയ്1വരെ നീണ്ട അധിനിവേശം. അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത് സുഹൃത്തേ. ഇറാക്കിലെ കൂട്ടസംഹാരശേഷിയുള്ള (weapons of mass ദിസ്ട്രുച്റേന്‍) ആയുധങ്ങളുണ്ടെന്ന ഗീബല്സ് തന്ത്രവുമായി ജോര്‍ജ് ഡബ്ലു ബുഷും ടോണിബ്ലയറും ചേര്‍ന്നു നടത്തിയ ഒരു നാടകത്തിന്‍റെ ഓര്‍മയ്ക്ക് ചില വരികള്‍. അല്ലെങ്കില്‍ നമുക്കതു വിടാം. യുദ്ധത്തിലേക്ക് തിരിച്ചു വച്ച ക്യാമറക്കാഴ്ചയുടെ ചില അകംപൊരുളായാലോ....


ഇറാക്കിലെ വാര്‍ ഓണ്‍ ടെറല്‍ എന്നു പറഞ്ഞു തുടങ്ങാനാവില്ല, കാരണം വാര്‍ ഓണ്‍ ടെറര്‍ എന്ന വാചകം ഇപ്പോഴില്ല തന്നെ. യുദ്ധത്തിനു രണ്ടു വര്‍ഷത്തിനു ശേഷം ബുഷ് ഭരണകൂടം അതിന്‍റെ പേരുമാറ്റിയിരുന്നു. 2005മെയില്‍ ഇത് "GSAVE ആയി. അതായത് ഗ്ലോബല്‍ സ്ട്രഗിള്‍ എഗൈന്‍സ്റ്റ് വയലന്‍റ് എക്സ്ട്രീമിസം എന്ന്. വയലന്‍റ് എക്ട്രീമിസത്തിനെതിരെയുള്ള ദീര്‍ഘകാല യുദ്ധത്തിന് തയാറെടുക്കാനാഹ്വാനം ചെയ്ത് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് നടത്തിയ പ്രസംഗത്തില്‍ ഈ പദമുപയോഗിച്ചിരുന്നു.


ഭീകരവാദത്തിനെതിരെയുള്ള യുദ്ധവും അക്രമാസക്തമായ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്നു ചോദിക്കരുത്. വര്‍ണക്കടലാസില്‍ പൊതിഞ്ഞ ഒരു എലിവിഷം മിഠായി എന്നു ഉത്തരം പറയേണ്ടി വരും. ഇതാണ് സര്‍ക്കാരിന്‍റെ മാധ്യമ അജണ്ട.

jingoismനിറഞ്ഞാടിയ മാധ്യമറിപ്പോര്‍ട്ടുകളായിരുന്നു പ്രധാന അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നത്. അല്ലെങ്കില്‍ അവ നിറഞ്ഞൊഴുകിയ ചാനലുകള്‍ക്ക് മാത്രമാണ് റേറ്റിങ് കൂടിയത്. ആഗോള മാധ്യമഭീകരന്‍ റൂപര്‍ട് മര്‍ഡോകിന്‍റെ ഫോക്സ് ന്യൂസും. എന്‍ ബി സിയുടെ എം എസ് എന്‍ ബി സിയും അമേരിക്കന്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയുണ്ടാക്കി. ഫോക്സ് ന്യൂസ് യുദ്ധത്തിനായി പ്രത്യേകമുണ്ടാക്കിയ ന്യൂസ് ലോഗോയില്‍ അമേരിക്കന്‍ പതാകയും ഓപ്പറേഷന്‍ ഇറാക്കി ഫ്രീഡമെന്നും എഴുതിച്ചേര്‍ത്തു. സെപ്റ്റംബര്‍11ആക്രമണത്തിനു ശേഷം ഇങ്ങനെയായിരുന്നു ഫോക്സ് ന്യൂസ് പ്രത്യക്ഷപ്പെട്ടതെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇടയ്ക്കിടെ വാര്‍ത്താ അവതാരകര്‍ യുദ്ധത്തിനനുകൂലമായി കമന്‍റുകള്‍ നടത്തുകപോലും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

യുദ്ധത്തെ അനുകൂലിച്ച് അമേരിക്കന്‍ പക്ഷപാതവുമായി റിപ്പോര്‍ട്ടു ചെയ്ത എം എസ്എന്‍ബിസിയെയും കേബിള്‍ ലൈസ് നെറ്റ്വര്‍ക്ക് എന്ന് അസൂയാലുക്കള്‍ പറയുന്ന സിഎന്‍എന്നെയും പിന്നിലാക്കി ഫോക്സ് ന്യൂസ് ഒന്നാമതെത്തി. ഇറാക്കില്‍ മാരകമായ ആയുധങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസ് പിന്നീട് ഇതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും ഫോക്സ് ന്യൂസ് അതിന്‍റെ പാതയില്‍ നിന്നു.

അമേരിക്കന്‍ റിപ്പോര്‍ട്ടുകള്‍ക്ക് എതിര്‍ വലയം തീര്‍ത്ത് അല്‍ജസീറയായിരുന്നു. എന്നാല്‍ യുദ്ധം പക്ഷപാതമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ജസീറയ്ക്കായി എന്നു കരുതേണ്ടതില്ല. കൊല്ലപ്പെടുന്ന ഇറാക്കികളെ രക്തസാക്ഷികള്‍ എന്നു വിളിക്കുന്ന റിപ്പോര്‍ട്ടുകളായിരുന്നു അത്.

വേണമെങ്കില്‍ നമുക്ക് അല്‍ജസീറയോടൊപ്പം നില്‍ക്കാം. oppressedനൊപ്പം നില്‍ക്കുന്നവരായി. എന്നാല്‍ വാര്‍ത്തയെക്കുറിച്ചു പറയുന്പോള്‍ അത് അടിച്ചമര്‍‍ത്തപ്പെടുന്നവനും അടിച്ചമര്‍ത്തുന്നവനും വേണ്ടിയല്ലാതെ റിപ്പോര്‍ട്ടു ചെയ്യുകയല്ലേ വേണ്ടത്. എംബഡഡ് റിപ്പോര്‍ട്ടര്‍മാര്‍ സൃഷ്ടിക്കുന്ന പുകമറ വാര്‍ത്തകളില്‍ നിന്നും രാജ്യസ്നേഹം സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ നിന്നും വേറിട്ട് വാര്‍ത്തകളെ കാണണ്ടേ...ഒരു ചോദ്യം എറിഞ്ഞു തരുന്നു.

വാര്‍ത്തകള്‍ക്കായി ഫിര്‍ഡസ് സ്വകയറില്‍ സദ്ദാംഹുസൈന്‍റെ പ്രതിമ തകര്‍ക്കല്‍ മാധ്യമങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ച തന്ത്രമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീടാണ് പുറത്തു വന്നത്. യാഥാര്‍ഥ്യം അനുവഭിച്ചവര്‍ക്കേ അറിയൂ.

വെടിയേറ്റവനും വെടിയുതിര്‍ത്തവനും ഇടയില്‍ നിന്ന് റിപ്പോര്‍്ട്ട് ചെയ്യുന്പോള്‍ സ്ത്യമറിയിക്കുക എന്നതിനുമപ്പുറം വെടിയേറ്റവന്‍റെ കൂടെ നില്‍ക്കേണ്ടതുണ്ടോ.....ചോദ്യമാണ് ചോദ്യം അവശേഷിക്കുന്നു.

ചോദ്യമെന്തായാലും ഒടുവില്‍ നെരൂദയുടെ വരികളാണ് നാവിലെത്തുന്നത്


Perhaps this war will pass like the others

which divided us,leaving us dead,

killing us along with the killers

but the shame of this time puts its burning fingers to our faces.

Who will erase the ruthlessness hidden in innocent blood?

" Pablo Neruda, The Water Song Ends, 1967

Monday, February 25, 2008

നിശാഭരിതമായ പേരുള്ളവള്‍


(പഴയകവിത പുതിയ ബ്ലോഗില്‍ )


തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ
ഗാഢതയെ...
രഥവേഗഗരിമയെ...
ചക്രങ്ങളുടെ ഇമവേഗങ്ങള്‍ തീര്‍ത്ത
താള ചാരുതയെ...
പ്രണയിച്ചു അവള്‍.
നിശാഭരിതമായ പേരുള്ളവള്‍.

തീവണ്ടിയിരന്പങ്ങളില്‍
ഗൃഹാതുരത്വങ്ങളിലേക്ക്
മിഴിയോര്‍ത്ത്,
ഏകാന്തതകളെ അപായച്ചങ്ങലകളില്‍
തൂക്കിയിടാതെ,
മഴക്കാഴ്ചകളുടെ ചിത്രശില്പത്തിലേക്ക്
വിന്‍ഡോഷീല്‍ഡ് തുറന്നിടുന്നു.
നിശാഭരിതമായ പേരുള്ളവള്‍.

ചടുലമാര്‍ന്ന സംസാരങ്ങളില്‍
മാത്രം
തീവണ്ടിയിണക്കങ്ങള്‍......
മറ്റൊക്കെയും
ദിശായന്ത്രങ്ങള്‍ നഷ്ടമായ
പായ് വഞ്ചിപോലെ ഒഴുകിയിറങ്ങിപ്പോകുന്നു.
അവളില്‍...
കീഴടക്കലിന്‍റെ പൊയ്ക്കാലുകളില്‍
ഞാന്‍
പാളം മുറിച്ചുകടക്കുന്പോള്‍,
എന്‍ജിന്‍ ഡ്രൈവറിന്‍റെ
നിസംഗമായ ഏകാന്തതയറിയുന്നുവെന്ന്
പറഞ്ഞവള്‍....

ജമന്തിമണങ്ങള്‍
പേറി
പായുന്ന വണ്ടിയിലിരുന്നാണ്
കണ്ണീരൊപ്പിയത്...
അന്ന്
അപായച്ചങ്ങലയില്‍
കൈയ്യെത്തിയില്ല

ഓര്‍മയിരന്പങ്ങളുടെയും
വരണ്ടപഠനക്കാലത്തിന്‍റെയും
ഇടയിലൂടെ
ദൂരങ്ങളിലേക്ക് പായുന്ന
ഒറ്റവരിപ്പാതയാണ്
കവിത...
നിശാഭരിതമായ പേരുള്ളവളെക്കുറിച്ച്.............


Saturday, February 16, 2008

ചിലന്തിവലയില്‍ കുടുങ്ങിയ ഘടികാരം

പ്പോഴാണെന്നറിയില്ല.... പുലര്‍ച്ചയിലെ ഏതോ ഭ്രമാത്മക നിമിഷത്തിലാകണം ഞാന്‍ ഒരു ഘടികാരത്തിന്‍റെ അക്കങ്ങളിലേക്ക് വലിച്ചു കെട്ടിയ ചിലന്തിവലയില്‍ കുടുങ്ങിയത്.
സത്യം.!!!

ഒരു ഹസ്തരേഖാ ശാസ്ത്രജ്ഞന്‍റെ ഭൂതക്കണ്ണാടിക്കപ്പുറം എന്‍റെ കൈവെള്ളയിയില്‍ നിന്നു പുറപ്പെട്ട ചെറിയ ചിലന്തിവല (ഭാവിയുടെ ചിലന്തിവലയെന്ന് ഹസ്തരേഖക്കാരന്‍ ) യില്‍ ഘടികാരത്തിന്‍റെ ചിറകുടക്കുന്നതും ചിലന്തിവലകളില്‍ അക്കങ്ങളുടെ കണ്ണുമൂടുന്നതും സൂചികള്‍ തുന്പികളെപ്പോലെ അതിന്‍റെ നേര്‍ത്ത നൂലിമയില്‍ നിന്ന് പിടയ്ക്കുന്നതും, പിന്നീട് ഘടികാരവും ചിലന്തിവലയും എന്നെക്കാള്‍ വലുതാവുന്നതും ഞാനതില്‍ കുടുങ്ങിപ്പോയതും സമയത്തിന്‍റെ ഒറ്റക്കണ്ണുള്ള തീവണ്ടി എന്നിലൂടെ കയറിയിറങ്ങുന്നതും ഞാന്‍ നിമിഷങ്ങളുടെ ചിത്രഭുപത്തിലേക്ക് എറിയപ്പെട്ടതും അന്പരപ്പിന്‍റെ മാത്ര എന്നെ മൂടുന്നതും ഞാനങ്ങനെ സ്വപ്നത്തില്‍ നിന്നുണരാതെ ഇരുളിലേക്ക് നിറയുന്നതും ഘടികാരത്തിന്‍റെ അലര്‍ച്ച ചെറുതാവുന്നതും ഇപ്പോളത് ഒരു ടിക് ടിക് ശബ്ദമായി എന്‍റെ കാതിലും തലയിലും ഇരുളിലും അങ്ങനെയങ്ങനെ............
ഇരുണ്ട ഫ്രെയിമില്‍ ഒരു ഹുങ്കാരത്തോടെ അലറിയാടുന്ന ഒരു പെന്‍ഡുലം...
നിങ്ങളോര്‍ക്കുന്നുണ്ടോ ജര്‍മന്‍ സംവിധായകന്‍ ടോം ടെക്വെറിന്‍റെ റണ്‍ ലോല റണ്‍ (ലോല റണ്ണറ്റ്) എന്ന ചിത്രത്തിന്‍റെ തുടക്കത്തില്‍ എത്തുന്ന ഭീകരരൂപിയായ ഒരു പെന്‍ഡുലത്തെ.......
അതേ പെന്‍ഡുലം... അത്രയും തന്നെ വലിപ്പമുള്ള ഒരു ഭീകരഘടികാരം...
സ്വപ്നത്തിന്‍റെ അക്ഷാംശങ്ങളില്‍ തെളിഞ്ഞതതാണ്.....

വഴികാണിച്ചു കൊടുക്കുക എന്ന മുന്നറിയിപ്പുള്ള ഒരു ചെറിയ കളിയിലകപ്പെട്ടിരിക്കുന്നു ഇപ്പോള്‍. ചുറ്റും വഴികളുടെ ക്ഷണമുണ്ട്. പാതകളുടെ പ്രളയത്തിലകപ്പെട്ട് ഏതാണ് പുറത്തേക്കുള്ള വഴിയെന്നറിയാതെ നില്‌‍ക്കുന്നു, ഓറഞ്ചു നിറമുള്ള മെഴുകുപെന്‍സിലുമായി വെള്ളാരങ്കല്ലിന്‍റെ കണ്ണുമായി ഏതെങ്കിലും കുട്ടിവന്ന് വഴികാട്ടിയേക്കും. അത്രയും നാള്‍ സമയത്തിന്‍റെ ചിത്രഭുപടത്തില്‍ തടവ്.....

we shall not cease from exploration
and the end of all our exploring
will be to arrive where we started
and know the place for the first time
-t.s eliot

റണ്‍ ലോല റണിന്‍റെ തുടക്കത്തില്‍ ഇതേ വരികള്‍ എഴുതിക്കാണിക്കുന്നുണ്ട്..... തുടങ്ങിയിടത്തേക്ക് തിരിച്ചെത്തുന്ന ഘടികാരത്തിന്‍റെ ഏതോ സൂചിമുനയിലാണിപ്പോള്‍ എന്‍റെ മനസിന്‍റെ അപഥസഞ്ചാരം.
ഒരു തീരുമാനത്തിലേക്ക് മനസിന്‍റെ പൂര്‍ണബിന്ദു എത്തുന്നതിന് ഒരായിരം, ഒരു കോടി അല്ല അനന്തമായ സാധ്യതകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു. പക്ഷേ, അതില്‍ ഒന്നു മാത്രമാണ് സംഭവിക്കുന്നത്. ഒന്നു മാത്രം. നിങ്ങള്‍ തീരുമാനിക്കുന്നത് ടി1( ടിവണ്‍) , എന്ന സെക്കന്‍റിലാണെങ്കില്‍ ടി0 (ടി സീറോ) എന്ന സെക്കന്‍റില്‍ സംഭവിച്ചു പോയ ഒരു കാര്യം നിങ്ങളുടെ ടി1 സെക്കന്‍റിനെ മാറ്റി മറിക്കും. ടി0 സെക്കന്‍റില്‍ ഒരിലവീണതു പോലും.
എന്‍റെ ചലനാത്മകത ഒരു ടൈം ലൈനിലാണെങ്കില്‍ ടിവണ്‍, ടിടു, ടിത്രീ സെക്കന്‍റുകളിലെ എല്ലാ സെക്കന്‍റുകളിലും ഒരു ഞാന്‍ ഉണ്ടാവുകയും ചലിക്കുകയും ചിന്തിക്കുകയുമാണെങ്കില്‍ ഞാന്‍ ഓരോ നിമിഷവും എന്നെ ഓരോ സെക്കന്‍റിലും അവശേഷിപ്പിച്ചു കടന്നുപോകുന്നു. ടിവണ്‍ സെക്കന്‍റിലെ ഞാനും ടിടു സെക്കന്‍റിലെ ഞാനും വ്യത്യസ്തരായി സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പാരലല്‍ ലൈനില്‍ സഞ്ചരിക്കുന്നതുപോലെ... എനിക്കു പുറകോട്ടു ഭൂതകാലത്തിലേക്കു പോകാനാവില്ല....ടൈം ലൈനില്‍ പിന്‍നടത്തം ഇല്ലല്ലോ...
ഒരു വിചിത്രമായ സിനിമ പോലെ ആലോചിച്ചാല്‍ ഓരോ സെക്കന്‍റിലും ഓരോ സീനുകള്‍ നിര്‍മിക്കപ്പെടുന്നു. ടിവണ്‍ സെക്കന്‍റില്‍ സീന്‍വണ്‍, ടിടു വില്‍ സീന്‍ ടു എന്നിങ്ങനെ.....എല്ലാ സീനിലും ഞാനുണ്ട്( അല്ലെങ്കില്‍ നിങ്ങള്‍) . ഒന്നാമത്തെ സീനിനു ശേഷം അടുത്ത സീന്‍വരുന്നു, അതിനു ശേഷം അടുത്തത്... അങ്ങനെ തുടര്‍ച്ച ഉണ്ടാകുന്പോളും നിങ്ങള്‍ കഴിഞ്ഞു വന്ന സീന്‍ അവിടെ തന്നെ ഉണ്ട് എന്നാലോചിച്ചാല്‍....അതിലൂടെ പിറകോട്ടു നടന്നാല്‍ നിങ്ങള്‍ക്ക് സമയത്തിന്‍റെ ബ്ലാക്ഹോളിലൂടെ പുറകിലെത്താം..... ടൈം മെഷീന്‍ സിനിമയുടെ അവസാനരംഗത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ചരിച്ച് നായകന്‍ (ലോകാവസാനത്തിനു ശേഷമുള്ള കാനനവാസികളുടെ അടുത്തെത്തുന്നുണ്ട്) അവിടെ കാടിനുള്ളില്‍ ഇതായിരുന്നു തന്‍റെ ലബോറട്ടറി നിന്ന സ്ഥലം എന്ന് ആ ടി സയമത്തിലെ നായികയെ കാട്ടിക്കൊടുന്പോള്‍ ദൃശ്യം രണ്ടായി പിളരുന്നതു നാം കാണുന്നു. ഇതേ ദൃശ്യത്തിനു പാരലലായി സൃഷ്ടിക്കപ്പെട്ട മറ്റൊരു ടൈം ലൈനില്‍ (അയാളുടെ ഭൂതകാലത്തിലെ , അതായത് ശരിക്കുമുള്ള വര്‍ത്തമാനകാലത്തില്‍ ) പ്രായം ചെന്ന നായകന്‍ നായികയോടൊപ്പം നടക്കുന്നതും നാം കാണുന്നു.
നമ്മുടെ വര്‍ത്തമാനകാലത്തിനു സമാന്തരമായി(തികച്ചും സമാന്തരമായി) ഭൂതകാലത്തിന്‍റെയും ഭാവികാലത്തിന്‍റെയും ടൈം ലൈനുകള്‍ നീണ്ടുപോകുന്നു.

Sunday, February 10, 2008

pull the chain to stop the train


വിതാക്കാലങ്ങളൊക്കെ പെയ്തൊഴിഞ്ഞിരുന്നു....
തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ ഗാഢതയെ, രഥവേഗഗരിമയെ പ്രണയിച്ച കൂട്ടുകാരിയെപ്പോലും കവിതയില്‍ വരഞ്ഞിട്ടത് മഷിയുണങ്ങിയ ഓര്‍മ മാത്രം...
ഇപ്പോള്‍ കുറച്ചിട കവിതയുടെ കോപ്പ ഒഴിഞ്ഞിരിക്കുന്നു
ഇത് ഇലകള്‍ പൊഴിഞ്ഞ കവിതയുടെ മ‍ഞ്ഞുകാലം.
ഹൃദയത്തിന്‍റെ ഒറ്റയടിപ്പാതയില്‍ ഇപ്പോള്‍ തനിച്ചാണ് നടത്തം...
അപായച്ചങ്ങലയില്‍ തൂങ്ങിയാടുന്ന എന്‍റെ ഏകാന്തത....
കാഴ്ചയുടെ ബാരോമീറ്റര്‍ തകര്‍ത്ത് ചിന്തകളുടെ കടവാവലുകള്‍ ചിതറുന്നു.
വരഞ്ഞിടാന്‍ ഏറെ കാഴ്ചകള്‍ കണ്ടു തീര്‍ന്നിട്ടുണ്ട്. യാത്രയുടെ ഒരു ചെറിയ പര്‍വ്വം കഴിഞ്ഞിരിക്കുന്നു. പക്ഷേ, എനിക്ക് നിന്നിലേക്ക് എന്‍റെ മനസിന്‍റെ നീലജാലകങ്ങള്‍ തുറക്കാന്‍ ഒരു വാക്കെങ്കിലും വേണ്ടേ.......ഒരേ ഒരു വാക്കെങ്കിലും???
... ആ വാക്കാണ് എന്‍റെ നിശബ്ദത തേടുന്നത്. പലപ്പോഴും ആ വാക്കു തിരഞ്ഞ് ഞാന്‍ നിരാശനാകുന്നു.... വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.
(എന്‍റെ ഭയം॥ ..... എഴുതി പൂര്‍ത്തിയാക്കിയ ബയോളജി റെക്കോര്‍ഡ് ബുക്കിലേക്ക് മഷിക്കുപ്പി മറിഞ്ഞു വീണതു പോലെ.... t9 സെക്കന്‍റില്‍ നിന്ന് സമയം പെട്ടെന്ന് t0 (ടി സീറോ) സെക്കന്‍റിലെ നിശ്ചലതയിലേക്ക് പൊട്ടിവീണതുപോലെ.....ഞാന്‍ ഭയക്കുന്നു, വാക്കുകള്‍ക്ക് എന്‍റെ ഹൃദയമുള്‍ക്കൊള്ളാനാവുന്നില്ല.........)
അന്പലമുറ്റത്തിനു മുകളിലെ തെളിഞ്ഞ ആകാശത്ത് നക്ഷത്രങ്ങള്‍ എണ്ണിക്കിടക്കുന്പോള്‍ എന്നപോലെ, ദൂരയാത്രയില്‍ ഒറ്റയ്ക്കായ പോലെ, മനസിന്‍റെ ബാരോമീറ്ററില്‍ നിശബ്ദതയുടെ ഒരു കടല്‍ദൂരം കടന്നു പോകുന്നു....
"ചില നിശബ്ദതകള്‍
കണ്ണീരു കൊണ്ട് നനയും
ചില നിശബ്ദതകള്‍
ഭയം കൊണ്ട് കറുക്കും
ചില നിശബ്ദതകള്‍
നിസ്സഹായതകൊണ്ട് വിളറും
ചില നിശബ്ദതകള്‍
ആത്മനിന്ദകൊണ്ട് ഇരുളും
നിശബ്ദതകള്‍ ഒരിക്കലും
പൂര്‍ണവിരാമങ്ങളല്ല''
-(നിശബ്ദതകള്‍ പൂര്‍ണവിരാമങ്ങളല്ല; കെ.ജയകുമാര്‍)
നിശബ്ദമായ വാക്കിന്‍റെ ശബ്ദം മുഴങ്ങിയേക്കാം, മനമൊട്ടി നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം...
അപായച്ചങ്ങലയില്‍ ഏതു നിമിഷവും എന്‍റെ കൈയ്യെത്താം।
കയ്യെത്തട്ടെ.....അല്ലേ...