Tuesday, April 8, 2008

ഇടംകാലിലെ ഷൂസും വലംകാലിലെ ഷൂസും


ജിങ്കോയിസവും(jingoism)ജേര്‍ണലിസവും (journalism)തമ്മിലുള്ള നേര്‍ത്തവരന്പുകളെക്കുറിച്ച് ചിലതെഴുതാമെന്നു തോന്നി. കഴിഞ്ഞ ബ്ലോഗിലെ ചില പ്രതികരണങ്ങളും ചൂടേറിയ ചര്‍ച്ചകളുമാണ് ഇതിലേക്കു നയിച്ചത്. എക്ട്രീം പാട്രിയോടിസം എന്നത് പ്രൊപ്പഗന്‍ഡയായും അല്ലാതെയും ഉപയോഗിക്കുന്നു എല്ലാവരും എല്ലാ മീഡിയയും. ഇതിനെ ഏതു രീതിയില്‍ കാണണമെന്നതാണ് പ്രശ്നം.


extreme patriotism in the form of aggressive foreign policyഎന്നതാണ് നിര്‍വചനം. എങ്കിലുമതിനെ അതിരുകടന്ന ദേശസ്നേഹമായി മീഡിയായില്‍ വ്യാഖ്യാനിക്കപ്പെടുന്നു. (കഥയില്‍, അതിര് നിശ്ചയിക്കുന്നതാര് എന്ന ചോദ്യം പാടില്ല)

We don't want to fight but by Jingo if we do,
We've got the ships, we've got the men, we've got the money too, എന്നുതുടങ്ങുന്ന ജി.എച്ച് മക്ഡര്‍മോട്ടിന്‍റെ ഗാനത്തിലൂടെയാണ് ജിങ്കോയിസം എന്ന വാക്ക് ലോകത്തിന്‍റെ ശ്രദ്ധയിലേക്കെത്തുന്നത്. 1898ല്‍അമേരിക്കന്‍ സ്പാനിഷ് യുദ്ധം സ്പ്രെഡ് ഈഗിളിസം എന്ന ഈ വികാരത്തെ അടയാളപ്പെടുത്തുന്നു.

ഇതൊക്കെ മുഖവുരപോലെ പറഞ്ഞു പോയതാണ്. ക്ഷമിക്കുക. കഥയിലെ കാര്യം തുടങ്ങാം . കഴിഞ്‍ ബ്ലോഗില്‍ പറഞ്ഞു വച്ച ഒന്നില്‍ നിന്ന്. ഫോക്സ് ന്യൂസ് യുദ്ധത്തിനായി പ്രത്യേകമുണ്ടാക്കിയ ന്യൂസ് ലോഗോയില്‍ അമേരിക്കന്‍ പതാകയും ഓപ്പറേഷന്‍ ഇറാക്കി ഫ്രീഡമെന്നും എഴുതിച്ചേര്‍ത്തു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇപ്പറഞ്ഞ ജിങ്കോയിസം പതിയെ കുത്തിവയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതെപ്പോഴും മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലായിടത്തും. ദേശീയതാല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ.

ഇന്ത്യയിലേക്കു വരാം. പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന്‍റെ സ്കൂപ്പ് എന്ന പുസ്തകത്തില്‍ വാര്‍ വിത്ത് ബംഗ്ലാദേശ് എന്ന അധ്യായത്തില്‍ പറയുന്ന ഒരു വാര്‍ത്തയുണ്ട്. ബംഗ്ലാദേശ് വിഭജന കാലത്ത് മുക്തിബാഹിനി എന്ന ബംഗ്ലാവിമോചനകാരികള്‍ക്ക് എല്ലാസഹായവും ചെയ്തത് ഇന്ത്യയെന്ന് അദ്ദേഹം എഴുതുന്നു. ഇതില്‍ ശ്രദ്ദേയമായ ഒന്നുണ്ട്. മുക്തിബാഹിനിയുടെ "വീരകൃത്യങ്ങളെ"ക്കുറിച്ച് പ്രസിദ്ധീകരിച്ചിരുന്ന എല്ലാവാര്‍ത്തയുടെയും പ്ലേസ് ലൈന്‍ (വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് എവിടെ നിന്ന് എന്ന് വ്യക്തമാക്കുന്ന ടേം) മുജീബ് നഗര്‍ ആയിരുന്നു. എല്ലാവായനക്കാരിലും മുജീബ്നഗര്‍ പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഒരു പ്രവിശ്യ എന്ന് തോന്നലുണ്ടാക്കിയിരുന്നു. ഈ സമയത്ത് ദ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇന്ത്യയിലെ കറസ്പോണ്ടന്‍റ് കുല്‍ദീപ് നയ്യാറിനോട് ചോദിക്കുന്നു. മുജീബ് നഗര്‍ കല്‍ക്കട്ടയിലെ ഒരു സ്ഥലമാണെന്ന് താങ്കള്‍ക്കറിയുമോ എന്ന്. അറിയാമെന്ന് കുല്‍ദീപ് നയ്യാര്‍ മറുപടി പറയുന്നു. എന്നിട്ടെന്തുകൊണ്ടാണ് ഇന്ത്യന്‍ മീഡിയ ഈ സ്ഥലത്തിന്‍റെ യഥാര്‍ഥ ഉറവിടത്തെക്കുറിച്ച് എഴുതാത്തതെന്നും അങ്ങനെ എഴുതരുതെന്ന് ഔദ്യോഗിക നിര്‍ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്നും ചോദിച്ചപ്പോള്‍ ഇന്ത്യന്‍ മീഡിയ അങ്ങനെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് കുല്‍ദീപ് നയ്യാര്‍ പറയുന്നു.

ഇതിനെ ജിങ്കോയിസം എന്നു വിളിക്കാമോ. എന്നതാണ് ചോദ്യം? ദേശീയ താത്പര്യംവരുന്പോള്‍ ഇന്ത്യന്‍ മീഡിയാ ചെയ്തതാണിത്. ഇപ്പോഴും ഇന്ത്യ ഉള്‍പ്പെടുന്ന യുദ്ധങ്ങളില്‍ ഔദ്യോഗിക കണക്കുകളിലൂടെയാണ് നാം കടന്നുപോകാറ്. മരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരുടെ എണ്ണം കുറവായിരിക്കുകയും മറുഭാഗത്തുള്ളവരുടെ എണ്ണം കൂടുതലായിരിക്കുകയും ചെയ്യുന്നു. അതുപോലെ വീരചരമം എന്നും കൊല്ലപ്പെട്ടു എന്നും രണ്ടു തുലാസുണ്ടാക്കുന്നില്ലേ?


അതില്‍നിന്നു മാറാം . ക്രിക്കറ്റ് എന്ന ഇന്ത്യയുടെ 'ദേശീയ വിനോദ"ത്തിലേക്ക് വരാം. യുദ്ധത്തിന്‍റെ പ്രതീതിയുണ്ടാക്കുന്ന തലക്കെട്ടുകളില്‍ നിന്ന് ജിങ്കോയിസത്തിന്‍റെ ഭൂപടങ്ങള്‍ വായിച്ചെടുക്കാം. ഇതിന്‍റെ ഉദാഹരങ്ങള്‍ ഒഴിവാക്കാം.

അമേരിക്കന്‍ ഭടന്‍ പരുക്കേറ്റ ഒരു കൊച്ചു കുട്ടിയുടെ അടുത്തിരിക്കുക, സദ്ദാമിന്‍റെ പ്രതിമ തകര്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിക്കുക ഇതൊക്കെ ജിങ്കോയിസവുമായി ബന്ധപ്പെടുത്തി വായിക്കേണ്ടുതുണ്ട്.
എല്ലാ രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ അതിന്‍റേതായ ജിങ്കോയിസത്തില്‍ നില്‍ക്കുന്നുണ്ട്. ഇത് ദേശീയതാല്‍പര്യവുമായി കൂട്ടിക്കെട്ടിയിരിക്കുന്നു. അവ്യക്തമായ അതിരുകളുമായി. അതിരുകടക്കുന്നുണ്ടോ എന്ന് എങ്ങനെയറിയാം. ഇടത്തു നിന്നു വലത്തേക്കും വലത്തു നിന്ന് ഇടത്തേക്കും ഇരുപക്ഷവും വായിച്ച ശേഷം

"അനുകൂലിയല്ലാ ഞാന്‍
പ്രതികൂലിയല്ലാ ഞാന്‍
രണ്ടാം കൂലിയാകയാലേ"
എന്ന കുഞ്ഞുണ്ണിക്കവിത ചൊല്ലാം. പെഡഗോഗി ഓഫ് ദ ഒപ്പ്രസ്ഡ് എന്ന പുസ്തകത്തില്‍ പൗലോഫെയറല്‍ പറയുന്പോലെ "ബീയിങ് ഇന്‍ ദ ഷൂസ് ഓഫ് സംവണ്‍ "എന്നതു പോലെ ആലോചിക്കാം. പഴകിതേഞ്ഞ ഒരു വാചകം പോലെ ഇരയുടെ ഷൂസിലും വേട്ടക്കാരന്‍റെ ഷൂസിലും കയറിയിരുന്ന് നോക്കാം.

5 comments:

Unknown said...

മനു, നല്ലൊരു വിഷയം വളരെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് സ്കോപ്പുള്ള ഒരു വിഷയം തന്നെയാണിതെന്നും ആദ്യമേ പറയ്ട്ടെ. പിന്നെ ഈ പറഞ്ഞ ജിങ്കോയിസം, അതങ്ങിനെയാണ് മനു. അതെല്ലയിടത്തുമുണ്ട്. അമേരിക്കയും, ഇന്ത്യയും ഒന്നുമതില്‍ വ്യത്യസ്ഥമാകുന്നില്ല. എന്തിന് തികച്ചും പ്രാദേശികമായ ചില വിഷയങ്ങളില്‍ പോലും നമുക്കത് കാണാനൊക്കും. അതൊരുപക്ഷേ ഒരു സംഘടിതമായാകാം അല്ലാതെയാകം. അത്തരം താല്പര്യ സംരക്ഷനങ്ങളില്‍ പ്രസ്തുത ചട്ടക്കൂടില്‍ നിന്നുകൊണ്ട് നമുക്ക് എതിരു പറയാനൊക്കില്ല. കാരണം നമ്മളും ഇതിനുള്ളില്‍ നിന്നുകൊണ്ടാണ് ഇതിനെ കാണുന്നത് അല്ലെങ്കില്‍ അനുഭവിക്കുന്നത് എന്നതു തന്നെ.

ഗുപ്തന്‍ said...

മറ്റുപലതും ഉണ്ട് മനു. കാശ്മീരിലെ ഇലക്ഷന് ജനത്തെ തോക്കുചൂണ്ടി വീട്ടില്‍ നിന്നിറക്കി പോളിംഗ് ബൂത്തില്‍ കൊണ്ടുവരുമായിരുന്നു. എന്നിട്ട് ജനകീയപ്രക്രിയയില്‍ പങ്കെടുത്തവരുടെ ശതമാനം വെണ്ടക്കയില്‍ നിറുത്തും. മുന്‍‌കാലത്തെ ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നേരിട്ട് പറഞ്ഞതാണിത്. (ഇപ്പോഴെന്താണ് നടക്കുന്നതെന്ന് അറിയില്ല)

വര്‍ഗീയത കഴിഞ്ഞാല്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന ചരക്കാണ് ദേശിയത. പടിഞ്ഞാറ് ഇപ്പോഴും ദേശീയത തന്നെ. ഹിറ്റ്ലറും മുസ്സോളിനിയും ഉണ്ടായതും ബുഷ് രണ്ടാം ഇലക്ഷന്‍ ജയിച്ചതും എല്ലാം നാഷണലിസം വിറ്റ മീഡിയയുടെ ബലത്തില്‍ ആയിരുന്നു.

Unknown said...

ഗുപ്തനോട് യോജിക്കുമ്പോള്‍ പോലും, വിയോജിക്കെണ്ടി വരുന്നു. ദേശീയത തെറ്റെന്നു പരയാനൊക്കുമോ. ഒരിക്കലുമില്ല. അതിനെ അതിതീവ്രമായി അവതരിപ്പിക്കുന്നതു മാത്രമാണ് പ്രശ്നങ്ങള്‍ക്കിട വയ്ക്കുന്നത്. ഇതിനകത്തു നിന്ന് നോക്കുമ്പോള്‍ മനു നേരത്തെ പറഞ്ഞ "അനുകൂലിയല്ലാ ഞാന്‍പ്രതികൂലിയല്ലാ ഞാന്‍രണ്ടാം കൂലിയാകയാലേ". കുഞ്ഞുണ്ണിക്കവിത പോലൊരു നിലപാട് എടുക്കാനൊക്കുമോ?

ഗുപ്തന്‍ said...

യ്യൊ ദേശീയത തെറ്റാണെന്നല്ലായേ പറഞ്ഞത്. മാഷ്പറഞ്ഞ ഇല്ല സാതനത്തിന്റെ കാര്യാ... പെറ്റി നാഷനലിസം എന്നുപറയുന്ന വില്പനച്ചരക്കിന്റെ കാര്യം. :) തെറ്റിദ്ധാരണ എന്റെ കുറ്റം കൊണ്ടുണ്ടായതാണ്. ക്ഷമ.

Perfumes said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Perfume, I hope you enjoy. The address is http://perfumes-brasil.blogspot.com. A hug.