Monday, February 25, 2008

നിശാഭരിതമായ പേരുള്ളവള്‍


(പഴയകവിത പുതിയ ബ്ലോഗില്‍ )


തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ
ഗാഢതയെ...
രഥവേഗഗരിമയെ...
ചക്രങ്ങളുടെ ഇമവേഗങ്ങള്‍ തീര്‍ത്ത
താള ചാരുതയെ...
പ്രണയിച്ചു അവള്‍.
നിശാഭരിതമായ പേരുള്ളവള്‍.

തീവണ്ടിയിരന്പങ്ങളില്‍
ഗൃഹാതുരത്വങ്ങളിലേക്ക്
മിഴിയോര്‍ത്ത്,
ഏകാന്തതകളെ അപായച്ചങ്ങലകളില്‍
തൂക്കിയിടാതെ,
മഴക്കാഴ്ചകളുടെ ചിത്രശില്പത്തിലേക്ക്
വിന്‍ഡോഷീല്‍ഡ് തുറന്നിടുന്നു.
നിശാഭരിതമായ പേരുള്ളവള്‍.

ചടുലമാര്‍ന്ന സംസാരങ്ങളില്‍
മാത്രം
തീവണ്ടിയിണക്കങ്ങള്‍......
മറ്റൊക്കെയും
ദിശായന്ത്രങ്ങള്‍ നഷ്ടമായ
പായ് വഞ്ചിപോലെ ഒഴുകിയിറങ്ങിപ്പോകുന്നു.
അവളില്‍...
കീഴടക്കലിന്‍റെ പൊയ്ക്കാലുകളില്‍
ഞാന്‍
പാളം മുറിച്ചുകടക്കുന്പോള്‍,
എന്‍ജിന്‍ ഡ്രൈവറിന്‍റെ
നിസംഗമായ ഏകാന്തതയറിയുന്നുവെന്ന്
പറഞ്ഞവള്‍....

ജമന്തിമണങ്ങള്‍
പേറി
പായുന്ന വണ്ടിയിലിരുന്നാണ്
കണ്ണീരൊപ്പിയത്...
അന്ന്
അപായച്ചങ്ങലയില്‍
കൈയ്യെത്തിയില്ല

ഓര്‍മയിരന്പങ്ങളുടെയും
വരണ്ടപഠനക്കാലത്തിന്‍റെയും
ഇടയിലൂടെ
ദൂരങ്ങളിലേക്ക് പായുന്ന
ഒറ്റവരിപ്പാതയാണ്
കവിത...
നിശാഭരിതമായ പേരുള്ളവളെക്കുറിച്ച്.............






6 comments:

പാമരന്‍ said...

എന്തൊക്കെയോ അനുഭവിക്കുന്നുണ്ട് വായിക്കുംബോള്.. പക്ഷെ ഒന്നും മനസ്സിലാവുന്നില്ല..

എന്താണ്‌ 'നിശാഭരിതം' ??

നിലാവര്‍ നിസ said...

നിരാശാ ഭരിതയായ സുഹൃത്തിനാണോ ഈ കവിത?
നല്ല ബിംബങ്ങള്‍..

CHANTHU said...

കിടക്കട്ടെ എനിക്കും അതിന്റെയൊരു പങ്ക്‌

Unknown said...

അളിയാ അളിയാ അളിയനാണളിയാ അളിയന്‍....

GLPS VAKAYAD said...

ആദ്യമായിട്ടാണ്,
പാളം മുറിച്ചുകടക്കുന്പോള്‍,
എന്‍ജിന്‍ ഡ്രൈവറിന്‍റെ
നിസംഗമായ ഏകാന്തതയറിയുന്നുവെന്ന്
പറഞ്ഞവള്‍....
നാനാര്‍ഥങ്ങളിലേക്കുള്ള കിളിവാതിലുകള്‍ അനവധി..
നന്നായിരിക്കുന്നു എന്നത് ഒരു നന്ദിവാക്കല്ല.
ഒരുകാര്യം: പ്രണയത്തില്‍ മാത്രമേ മുറിച്ചു കടക്കലുകള്‍ ഉള്ളൂ പിന്നീട് അപകടകരമായ വേഗത്തില്‍
പക്ഷെ ശവതാളത്തില്‍ സമാന്തരമായ രണ്ട് റെയില്‍ പാളങ്ങളിലൂടെയുള്ള ബഹളം പിടിച്ച ഇളക്കങ്ങള്‍ സൃഷ്ടിച്ചു കോണ്ടുള്ള വിരസസഞ്ചാരം മാത്രം
ഇനിയും വരാം

Aju raghavan said...

manu ,it was mere a casual past time i came to your world but caught and infused totally . simply great of a kind i wish to read . go on with it .