അധിനിവേശത്തിന്‍റെ പീരങ്കിവെടികള്‍ക്ക് വിരാമമിട്ട് ഇറാക്കില്‍ നിന്ന് 1,50,000 അമേരിക്കന്‍ പട്ടാളക്കാരെ പിന്‍വലിക്കാനുള്ള കരാറില്‍ (അമേരിക്കന്‍) ഇറാക്കും അമേരിക്കയും ഔദ്യോഗികമായി ഒപ്പിട്ടിരിക്കുന്നു. ഗ്വാണ്ടനാമോ തുടച്ചു നീക്കും എന്നനിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമയുടെ പ്രസ്താവനയോട് കൂട്ടിച്ചേര്‍ത്താണ് പലരും കരാറിനെ വായിച്ചത്. ഇറാക്കില്‍ നിന്ന് സേനയെ പിന്‍വലിക്കുമെന്ന ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്പോലും ഈ ഒപ്പിടീല്‍ ചിത്രീകരിക്കപ്പെട്ടു. ജോര്‍ജ് ബുഷും ഇറാക്കിലെ പാവസര്‍ക്കാരിന്‍റെ തലവന്‍ നൂറി അല്‍മാലിക്കിയും സംയുക്തമായുണ്ടാക്കിയ സോഫ( status of forces agreement SOFA) എന്ന കരാറിന്‍റെ ഔദ്യോഗിക ഒപ്പിടീല്‍ മാത്രമാണ് ഇറാക്കിലെ യു.എസ് അംബാസഡര്‍ റിയാന്‍ ക്രോക്കറും ഇറാക്ക് വിദേശകാര്യമന്ത്രി ഹോഷിയാര്‍ സെബാരിയും ബാഗ്ദാദില്‍ നടത്തിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അമേരിക്കന്‍ സേനയും ഇറാക്കില്‍ നിന്നു പിന്‍മാറാനുള്ള കരാറാണിത്. 2011 ഡിസംബര്‍ 31 ഓടെ ഇറാക്കിലെ മുഴുവന്‍ അമേരിക്കന്‍ സേനയുടെയും പിന്മാറ്റം വാഗ്ദാനം ചെയ്യുന്ന സോഫ എന്ന കരാര്‍ ഇനി ഇറാക്കിലെ 275 അംഗ പാര്‍ലമെന്‍റ് അംഗീകരിക്കണം. ഷിയ സുന്നി ബ്ലോക്കുകളും ചില അയല്‍ രാജ്യങ്ങളും കരാറിന്‍റെ കരടു രൂപത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും കരാര്‍ അംഗീകരിക്കപ്പെടുമെന്നാണ് ഇറാക്കിലെ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ പ്രതീക്ഷ. പക്ഷേ, 5 വര്‍ഷത്തെ അധിനിവേശത്തിന്‍റെ ലാഭം മറന്ന് ഒരു ബ്ലൈന്‍ഡ് ഗെയിമിന് അമേരിക്ക തയാറാകും എന്നു കരുതുന്നത് മണ്ടത്തരമാണ്. ഇറാക്കിന് ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തോട് ഇറാക്കില്‍ തുടരാമെന്ന് ‘അപേക്ഷിക്കാന്‍" അനുവാദം നല്‍കുന്ന സോഫ കരാര്‍ ഇറാക്കിന്‍റെ മുന്നില്‍ കുപ്പിച്ചില്ലുകള്‍ നിറച്ചു ഇലപൊതിഞ്ഞു മൂടിയ ചതിക്കുഴി തന്നെയാണ്. അമേരിക്കയുടെ ഉന്നവും അതു തന്നെ.
എന്താണ് സോഫ?
ഒരു രാജ്യവും ആ രാജ്യത്തില്‍ സൈന്യത്തെ വിന്യസിച്ചിട്ടുള്ള വിദേശരാജ്യവും തമ്മിലുള്ള കരാറാണ് സോഫ. അധിനിവേശത്തിന്‍റെ പിന്‍കുറിപ്പായാണ് സോഫ എപ്പോഴും ചരിത്രത്തിലിടം പിടിക്കുന്നത്. അധിനിവേശം നടന്ന രാജ്യവും സൈനിക നടപടി നടത്തിയ വിദേശരാജ്യവും തമ്മിലുള്ള ഈ കരാര്‍ രാഷ്ട്രീയ അട്ടിമറികള്‍ക്കും ആഭ്യന്തരകലാപങ്ങള്‍ക്കും ജുഡീഷ്യറിയുടെ തകര്‍ച്ചയ്ക്കും വഴിമരുന്നിട്ടിട്ടുണ്ട്. തെക്കന്‍ കൊറിയയിലെയും കിര്‍ഗിസ്ഥാനിലെയും ജപ്പാനിലെയും സൈനികനടപടിയുടെ രക്തരൂക്ഷിത ചരിത്രങ്ങള്‍ പറഞ്ഞു തരുന്നതും ഇതു തന്നെ. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സോഫ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യം.
ഇറാക്കിലെ അമേരിക്കയുടെ എണ്ണയുദ്ധം എന്ന അധിനിവേശ ചരിതം പറഞ്ഞു തരുന്ന പല രസകരമായ യാഥാര്‍ഥ്യങ്ങളുണ്ട്. 2003 ലെ അധിനിവേശത്തിനു ശേഷം ഇറാക്ക് ഭരിക്കുന്നത് പരമാധികാരമുള്ള ഇറാക്കി സര്‍ക്കാറാണ്. അമേരിക്കയുടെ വിരലുകളില്‍ വെളുത്ത ചരടുകള്‍ കുരുക്കിയിട്ട പാവകളി. ഇതു വരെയും ഈ പരമാധികാര സര്‍ക്കാരുമായി അമേരിക്ക സോഫ യില്‍ ഒപ്പുവച്ചിട്ടില്ല. അതായത് ഇറാക്കില്‍ അമേരിക്കന്‍ പട്ടാളം നടത്തുന്ന എന്ത് മനുഷ്യാവകാശലംഘനങ്ങള്‍ക്കും ശിക്ഷ നല്‍കാനുള്ള അധികാരം ഇറാക്കി ഭരണകൂടത്തിനും ജുഡീഷ്യറിക്കുമുണ്ട് എന്നര്‍ഥം. എന്നാല്‍ ഒരിക്കലും ഉപയോഗിക്കാത്ത അധികാരമായി അത് ചരിത്രത്തിലിടം പിടിച്ചു എന്നത് രസകരമായ ക്രൂരത.
ഒരു വര്‍ഷം മുന്പ് മാത്രമാണ് ഇറാക്കുമായി സ്റ്റാറ്റസ് ഓഫ് ഫോഴ്സസ് എഗ്രീമെന്‍റ് ഉണ്ടാക്കാനുള്ള ചര്‍ച്ച അമേരിക്ക തുടങ്ങിവച്ചത്. അമേരിക്കയുടെ 22 ാം പ്രതിരോധ സെക്രട്ടറിയും സിഐഎയുടെ ഡയറക്ടര്‍ ജനറലുമായ റോബര്‍ട് ഗേറ്റ്സാണ് ഈ വര്‍ഷമാദ്യം ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ജനുവരി 24 ന് ഇറാക്കുമായി സോഫയുടെ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇറാക്കുമായി ദീര്‍ഘകാല സുരക്ഷാ കരാറായിരുന്നു ം അമേരിക്കയുടെഎന്നത്തേയും ലക്ഷ്യം. എന്നാല്‍ ഇതിനെതിരെ അമേരിക്കന്‍ റബര്‍ സ്റ്റാന്പ് നൂറി അല്‍ മാലിക്കി തന്നെ പരസ്യമായി രംഗത്തെത്തി. ഈ വര്‍ഷം ജൂണ്‍ 13 ന് ജോര്‍ദാനില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു.
"We have reached an impasse because when we opened these negotiations we did not realize that the US demands would so deeply affect Iraqi sovereignty and this is something we can never accept,"
എന്നായിരുന്നു അല്‍ മാലിക്കിയുടെ രോഷം.
ഇറാക്കില്‍ മനുഷ്യാവകാശലംഘനങ്ങളുടെ റഗ്ബി നടത്തിയ അമേരിക്കന്‍ സൈനികര്‍ക്ക് ഇറാക്ക് കോടതി ശിക്ഷ നല്‍കുന്നവിഷയത്തിലും പിന്മാറാനുള്ള കൃത്യമായ സമയത്തിന്‍റെ കാര്യത്തിലും ചര്‍ച്ചകള്‍ വഴിമുട്ടി. ഷിയ നേതാവ് ആയത്തുള്ള അലി സിസ്താനിയും കരാറിന്‍റെ പ്രാഥമിക രേഖയ്ക്കെതിരെ രംഗത്തെത്തി. എന്നാലും എതിര്‍പ്പുകള്‍ മറികടന്ന് അമേരിക്കയും ഇറാക്ക് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ മുന്നോട്ടു പോയി. പിന്മാറ്റത്തിനുള്ള സമയക്രമത്തില്‍ ധാരണയായതിനെ തുടര്‍ ന്ന് ജൂലൈ 7 കരാറിന്‍റെ പ്രാഥമിക രൂപവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ഇറാക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. ഇറാക്ക് ഭരണഘടന അംഗീകരിച്ചാല്‍ കരാര്‍ നടപ്പാകുമെന്ന് എന്ന് സര്‍ക്കാര്‍ വക്താവ് ഖലീദ് അല്‍ അയിത്താ പ്രഖ്യാപിച്ചു. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു വലിച്ചു നീട്ടലുകള്‍ക്കും കുറുക്കലുകള്‍ക്കും പ്രായോഗിക കീഴടങ്ങലുകള്‍ക്കുമൊടുവില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സും വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസും അമേരിക്കന്‍ നിയമപണ്ഡതര്‍ക്കു മുന്നില്‍ ഇറാക്കുമായുള്ള സോഫയെക്കുറിച്ച് വിശദീകരിച്ചു. ഈ സമയം ഇറാക്ക് പ്രധാനമന്ത്രി അല്‍ നൂറി മാലിക്കി മന്ത്രിസഭയ്ക്കു മുന്നില്‍ സോഫ ഇടുന്നതിനു മുന്പ് ഇറാക്കിന്‍റെ ദേശീയ രാഷ്ട്രീയ സുരക്ഷാ കൗണ്‍സിലിനു മുന്നില്‍ സോഫ അവതരിപ്പിക്കുകയായിരുന്നു. സൈനിക പിന്മാറ്റത്തിനുള്ള ദിവസത്തിന്‍റെ കാര്യത്തില്‍ ഒരു പരിധി വരെ ഇറാക്കിന്‍റെ താല്പര്യത്തിന് അമേരിക്ക വഴങ്ങിയതോടെ പരമാധികാരത്തിന്‍റെ കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പക്ഷേ, പരസ്പരം ചതിക്കുഴികള്‍ ഒരുക്കാതെ എന്തു രാജ്യാന്തര കരാര്‍ .
നവംബര്‍ 16 ന് ഇറാക്ക് മന്ത്രിസഭാസമിതി സോഫ കരാര്‍ അംഗീകരിച്ചു. 37 അംഗ ക്യാബിനറ്റില്‍ 27 പേരാണ് കരാറിനെ അനു കൂലിച്ച് വോട്ടു ചെയ്തത്. 9 പേര്‍ കാബിനറ്റിന് എത്തിയിരുന്നില്ല. ഒരാള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. കരാറനുസരിച്ച് 2009 ജൂലൈ 30 ന് ഇറാക്കിലെ നഗരങ്ങളില്‍ നിന്ന് അമേരിക്ക സൈന്യം പിന്മാറും. 2011 ഡിസംബറില്‍ ഇറാക്കില്‍ നിന്ന് പൂര്‍ണമായും സൈനിക പിന്മാറ്റമുണ്ടാകും. ഇറാക്ക് ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ഇറാക്കിലെ വീടുകള്‍ പരിശോധിക്കാനുള്ള അമേരിക്കന്‍ പട്ടാളത്തിന്‍റെ അനുമതി റദ്ദാക്കല്‍, ഇറാക്ക് സൈന്യത്തിന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്നതും ഇറാക്കിലെ സൈനിക ബേസുകളിലേക്ക് ഇറക്കുമതി ചെയ്യുന്നതുമായ (സൈനിക ) സാധനങ്ങള്‍ പരിശോധിക്കാനുള്ള നിയമപരമായ അനുമതിയും ഇതിനെ കുറ്റവിചാരണ ചെയ്യാനുള്ള അവകാശവും കരാറില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിര്‍മിച്ച കെട്ടിടങ്ങളും സൈനികത്താവളങ്ങളും ഇറാക്കിന് കൈമാറാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇറാക്കിലെ എല്ലാ വിദേശ സൈന്യങ്ങളുടെയും സമ്മര്‍ദം അവസാനിക്കുമെന്നാണ് മന്ത്രിസഭ കരാര്‍ അംഗീകരിച്ച ശേഷം അല്‍ നൂറി മാലിക്കി പ്രഖ്യാപിച്ചത്.
എന്നാല്‍ ഇറാക്കില്‍ അതീവ ഗുരുതമായ മനുഷ്യവകാശലംഘനങ്ങള്‍ ചെയ്ത അമേരിക്കന്‍ പട്ടാളക്കാരെ കുറ്റവിചാരണ ചെയ്യാനുള്ള അവകാശത്തിന്‍റെ കാര്യത്തില്‍ ഇറാക്കിനു പിഴച്ചു. വലിയ പിഴവ്. അമേരിക്കന്‍ സൈനികര്‍ സൈനിക ക്യാംപിനു പുറത്തുവച്ചും ഡ്യൂട്ടിസമയത്തല്ലാതെയും നടത്തിയ ആസൂത്രിതവും ക്രൂരവുമായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനുള്ള അധികാരം മാത്രമാണ് ഇറാക്കി ന്യായാധികാരത്തിന്‍റെ പരിധിയില്‍ വരുന്നത്. ഇതല്ലാതെ അമേരിക്കന്‍ സൈനികര്‍ നടത്തിയ ഒരു അവകാശലംഘനങ്ങള്‍ക്കു നേരെയും പൊയിന്‍റ് ബ്ലാങ്ക് അകലത്തില്‍ നിയമത്തിന്‍റെ തോക്കു ചൂണ്ടാന്‍ ഇറാക്കി നിയമവ്യവസ്ഥയ്ക്കു കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇറാക്ക് അമേരിക്ക സംയുക്ത സമിതി സൈനിക ക്യാംപുകള്‍ക്കു പുറത്തു വച്ച് നടത്തിയ കുറ്റകൃത്യങ്ങളില്‍ വിചാരണ വേണമോ എന്ന് പരിശോധിക്കും. അമേരിക്കന്‍ സൈന്യത്തിന്‍റെ തടവിലുള്ള 16, 000(കണക്കുകള്‍ ഇതില്‍ കൂടിയേക്കും) ഇറാക്കി പട്ടാളക്കാരെ സംബന്ധിച്ചും വ്യക്തമായ നിര്‍ദേശങ്ങള്‍ കരാറിലില്ല.
യഥാര്‍ഥ്യ ലക്ഷ്യം
അമേരിക്കയുടെ പശ്ചിമേഷ്യയിലെ ചതിക്കുഴി തിരിച്ചറിഞ്ഞതിനാല്‍ ഇറാനും സിറിയയും ഇപ്പോഴത്തെ കരാറിനെതിരാണ്. ഇവിടെ അമേരിക്കന്‍ പടയുടെ സാന്നിധ്യം ഈ മുസ്ലീം രാജ്യങ്ങളുടെ പരമാധികാരത്തിനെതിരാണെന്ന മൂടിവച്ച യാഥാര്‍ഥ്യം അവര്‍ക്ക് വ്യക്തമായി അറിയാം. പശ്ചിമേഷ്യയില്‍ സ്ഥിരം സൈനികത്താവളത്തിനായി ഇറാക്കില്‍ സൈനിക ബേസ് നിര്‍മിക്കാന്‍ ബുഷ് ഭരണകൂടം അവസാന നിമിഷം വരെ പൊരുതി. സൈന്യം പിന്‍മാറുന്പോള്‍ ഇറാക്കിന് ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യത്തോട് ഇറാക്കില്‍ തുടരാമെന്ന് ‘അപേക്ഷിക്കാന്‍" അനുവാദം നല്‍കുന്ന വ്യവസ്ഥ ഇറാക്കിന്‍റെ പിടലിയില്‍ ചേര്‍ത്തു വച്ച കത്തിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. ഇറാക്കിലെ അവസാനിക്കാത്ത ആഭ്യന്തര പ്രശ്നങ്ങള്‍, രാഷ്ട്രീയ അസ്ഥിരത, സര്‍ക്കാരിന്‍റെ ബാലിശമായ അവസ്ഥ ഇങ്ങനെയൊക്കെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാക്കിലെ മാലിക്കിയുടെ പാവസര്‍ക്കാരിന് അമേരിക്കയോട് അവിടെ തുടരാനാവശ്യപ്പെടാം. അല്ലെങ്കില്‍ അമേരിക്കയുടെ" ഭീതി " പോലെ ശക്തമായ വ്യോമസേന ഇല്ലാത്ത ഇറാക്ക് എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെട്ടേക്കാം. അതു കൊണ്ട് അമേരിക്കന്‍ വ്യോമസേന അവിടെ തങ്ങാന്‍ ഇറാക്കിന് ആവശ്യമുന്നയിക്കാം. കഴുമരത്തിലെ കുടുക്ക് ഇറാക്കിന് പാകമാകുന്ന തരത്തില്‍ മാറ്റിയെടുത്താല്‍ മാത്രം മതി. തിരഞ്ഞെടുക്കേണ്ട ഉത്തരങ്ങളില്‍ ചതിമാത്രമേയുള്ളൂ.
ഇറാക്കില്‍ സൈനികത്താവളം നിര്‍മിക്കില്ലെന്നാണ് നിയുക്ത പ്രസിഡന്‍റ് ബാരക് ഒബാമയുടെ ഉറപ്പ്. പകരം ഭീകരവാദത്തിനെതിരെയുള്ള അമേരിക്കയുടെ കുന്തമുന തുടങ്ങുന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നായിരിക്കുമെന്നും ഒബാമ പ്രഖ്യാപിച്ചു. പക്ഷേ ഇറാനടുത്തുള്ള സൈനികത്താവളവും പശ്ചിേമഷ്യയിലെ ആയുധബലവും എണ്ണപ്പാടങ്ങളുടെ ധനഖനിയും എന്നതിനു മുകളില്‍ ഒബാമയുെട വാഗ്ദാനത്തിന്‍റെ പരുന്ത് പറക്കുമോ എന്ന് കണ്ടു തന്നയറിയണം. മാത്രമല്ല അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള നാറ്റോ സൈന്യത്തിന് സഹായമെത്തിക്കുന്നതിന് താലിബാനില്‍ നിന്ന് തുടര്‍ച്ചയായി ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഖ്യാബര്‍ പാസിലൂടെയുള്ള വ്യാപാരത്തിന് യൂറോപ്പിലൂടെ ബദല്‍ പാത കണ്ടെത്താനുള്ള ശ്രമത്തിലാണ് നാറ്റോ. 32,000 അമേരിക്കന്‍ സൈനികരുള്‍പ്പെടെ 67,000 വിദേശസൈനികരാണ് നാറ്റോയുടെ സേനയിലുള്ളത്. അതുകൊണ്ടു തന്നെ അഫ്ഗാനില്‍ നാറ്റോയെ കൂടാതെ പുതിയ സൈനികത്താവളമെന്ന അമേരിക്കന്‍ മോഹത്തിന് തീവ്രശ്രമവും കനത്ത വിലയും നല്‍കേണ്ടി വരും.
ഇറാക്കില്‍ തുടരാന്‍ അമേരിക്ക ഐക്യരാഷ്ട്ര സംഘടനയുമായി ഉണ്ടാക്കിയ കരാറിന്‍റെ കാലാവധി ഈ വര്‍ഷം അവസാനത്തോടെ കഴിയുന്നതു കൊണ്ടു മാത്രമാണ് ഇപ്പോള്‍ ഇറാക്കിനെ ഇരുത്താന്‍ ഒരു സോഫയുമായി അമേരിക്ക ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പക്ഷേ, 5 വര്‍ഷം ഒരു രാജ്യത്ത് യാതൊരു കരാറുമില്ലാതെ കൂട്ടക്കുരുതിയും മനുഷ്യവകാശലംഘനങ്ങളും നടത്തിയതിന് എന്തുമറുപടിയുണ്ട് അമേരിക്കയ്ക്കു പറയാന്‍?..............